Thursday, November 25, 2010

ആരുടെ പിആര്‍ഒയാണ് സാക്ഷാല്‍ കെ. എ. ജോണി?

വിഖ്യാതരായ പത്രപ്രവര്‍ത്തകരും വിവിധ മേഖലകളിലെ ആദരണീയ വ്യക്തിത്വങ്ങളും അടങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പ്. രാഷ്ട്രീയ സാമൂഹ്യ ഭരണമേഖലകളില്‍ അപാരമായ സ്വാധീനമുളളവരാണ് ഇതിലെ അംഗങ്ങള്‍ പലരും. അവിടെ രണ്ടു പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കൗതുകകരമായ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. വിഷയം ലാവലിനും സാക്ഷിവേഷത്തിലെ പുതിയ അവതാരമായ ദീപക് കുമാറും.

ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്‍ക്കാലം വിസ്മരിക്കുന്നു. ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍. വാര്‍ത്ത, വാര്‍ത്തയുടെ ഉറവിടം, താല്‍പര്യങ്ങള്‍ തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്‍പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച. അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര. തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുളളവര്‍ പൊതുസമൂഹത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട്, എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം.

ആദ്യം മനോജും ജോണിയും പറഞ്ഞതെന്ത് എന്ന് അവരുടെ വാചകങ്ങളില്‍ നമുക്കു കേള്‍ക്കാം.

മനോജ് - "അയാള്‍ സാക്ഷിയേ അല്ല. സി ബി ഐയുടെ പട്ടികയില്‍ അങ്ങനെ ഒരു   പേരില്ല. പണ്ട് ദിലീപ്   രാഹുലന്‍ എന്ന ആളിന്റെ കൂടെ പഠിച്ചു, ഒന്നിച്ചു എന്തോ ബിസിനസ് നടത്തി, സഹായം പറ്റി, ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. അപ്പോള്‍ വിരോധം ആയി- ഇത്രയുമാണ് അറിഞ്ഞത്. മുഴുക്കുടിയന്‍. ലാവലിന്‍ കേസില്‍ ദുരൂഹത സൃഷ്ടിക്കാന്‍ അങ്ങനെ ഒരാളെ കിട്ടിയപ്പോള്‍   വീരേന്ദ്ര കുമാര്‍  ഏറ്റെടുത്തു. നന്ദകുമാര്‍ കൊണ്ട് നടക്കുന്നു. മാതൃഭൂമി ചെന്നൈ ബ്യൂറോവിലെ ജോണി ആണ് ദീപക് കുമാറിന്റെ പി ആര്‍ ഓ". ഇതൊക്കെ ഈ കേരളത്തിലേ നടക്കു. 
ജോണിയുടെ മറുപടി... I can understand the feelings ofMr. manoj. Since he is a political activist cum journalist it may be his duty to defend his political masters. But that in no way authorises him to raise baseless allegations against any one.
I dont hold any brief for Mr. Deepak kumar. My information is that deepak has divulged some critical information to the cbi team which is looking into the lavalin case. It is a fact that cbi has taken statements from deepak at various points of time. The cbi team under the investigative invofficer Mr. Ashok kumar has been examining various financial deals that took place during and after the lavalin scandal. And my information is that the documents handed over to cbi by deepak have been of great use in this regard. Just because the charge sheets are submitted it doesnt mean the end of an investigation. if the investigating agency is convinced it could bring in more witnesses and submit the relevant documents to the trial court. Mr.Ashok kumar was transferred while he was on to this process.if the cbi has got a flawless system the new investigative officer will have to continue this process.
As a journalist i have been reporting what i believe true to the best of my knowledge. i have reliable contacts with deeapakkumar and its my prerogative to file reports based on this which i think would contribute in some way or other in cleansing the public sphere in kerala. manoj has never called himself the pro of Comrade Pinarayee vijayan. Neither i have any intention in labelling him so. I know manoj is a senior journalist and i expect some minimum decency from his part when he addresses members of his fraternity.
I would also like to remind Mr.manoj of a very simple fact that Comrade Pinarayee Vijayan has so far not issued a statement denying any knowledge of either Mr.Dileep rahulan Or Mr. Deepak kumar.
I know the line between pr and journalism is very thin and delicate. And its my firm belief that i have not tasted the forbidden fruit.
johny.
മനോജിന്റെ ആരോപണം കൃത്യമാണ്; ദിലീപ് കുമാറിന്റെ പിആര്‍ഒയാണ് കെ എ ജോണി. ആ ആരോപണത്തോട് ജോണിയുടെ പ്രതികരണം രൂക്ഷമാണ്. പക്ഷേ, മനോജ് ദേശാഭിമാനിക്കാരനാണ്, പാര്‍ട്ടിക്കാരനാണ്, അതുകൊണ്ട് പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ. അത്തരം മറുപടികള്‍ പറയാനുളള ജോണിയുടെ ജനാധിപത്യഅവകാശം നാം അംഗീകരിക്കുക തന്നെ വേണം. അതംഗീകരിച്ചുകൊണ്ട്, ചര്‍ച്ച അതിനുമപ്പുറത്തേയ്ക്കു പോകേണ്ടതുണ്ട്.

ദീപക് കുമാര്‍ എന്ന കഥാപാത്രത്തെ ജോണി കൈകാര്യം ചെയ്തത് എങ്ങനെയെന്ന് മാതൃഭൂമിയുടെ താളുകള്‍ അടിസ്ഥാനമാക്കിയും നാം പരിശോധിക്കണം. അതിന്റെ പശ്ചാത്തലത്തിലാണ് മനോജിന്റെ ആരോപണം നിലനില്‍ക്കുന്നതാണോ അല്ലയോ എന്നു വിലയിരുത്തേണ്ടത്.

ദീപക് കുമാര്‍ എന്ന ദൃക്‌സാക്ഷി അവതരിച്ച വിവരം വിളംബരം ചെയ്തത് സാക്ഷാല്‍ ക്രൈം നന്ദകുമാറാണ്. കശ്മലന് നല്ല നമസ്‌കാരം എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 21ന് ക്രൈം ഓണ്‍ലൈന്‍ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഈ വരവിന്റെ ആദ്യസൂചനകളുളളത്. ആ വാര്‍ത്തയിലെ പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു;

ദിലീപ്‌ രാഹുലനൊപ്പം എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്‌ത ദീപക്‌ കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്‌തിട്ടില്ല. പിണറായി വിജയനുമായി എസ്‌എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക്‌ കുമാറിന്‌ നേരിട്ട്‌ അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്‌സാക്ഷിയുമാണ്‌. പിണറായി വിജയന്‍ പണം കൈപ്പറ്റുന്നതിന്‌ ഈ ദീപക്‌ കുമാര്‍ നേരിട്ട്‌ സാക്ഷിയാണ്‌. പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക്‌ കുമാര്‍ 4 ദിവസം മുമ്പ്‌ സിബിഐ എസ്‌പി മുരുകേഷിന്‌ ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്‌. ചെന്നൈ സെറ്റില്‍ഡ്‌ മലയാളി ആണ്‌ ദീപക്‌ കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്‌മൂലവും 140 പേജുകള്‍ ഉള്ള മറ്റ്‌ രേഖകളുമാണ്‌ ദീപക്‌ കുമാര്‍ സിബിഐ എസ്‌പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്‌. തന്റെ ജീവന്‍ അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ദീപക്‌ കുമാര്‍.
ഈ വിവരങ്ങള്‍ തന്നെയാണ് തിരിച്ചും മറിച്ചും മലയാളത്തിലെ മറ്റെല്ലാ മാധ്യമങ്ങളും ദീപക് കുമാറിനെ സംബന്ധിച്ച് എഴുതിപ്പിടിപ്പിച്ചത്. സാക്ഷാല്‍ കെ എ ജോണിക്കാണ് ഈ അവതാരപുരുഷനുമായി ആദ്യ അഭിമുഖം തരപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍ 25ന് ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നു കാട്ടല്‍ എന്ന തലക്കെട്ടില്‍ ജോണിയുടെ ബൈലൈനില്‍ മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ക്രൈം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ക്കു പുറമെ, ദീപക്കിന്റെ കുടുംബപുരാണം, അമ്മൂമ്മയുടെ ഭൂമിയിലെ എകെജി സെന്റര്‍ തുടങ്ങിയ പൈങ്കിളിവിവരണങ്ങളാണ് ഈ വാര്‍ത്തയിലുളളത്.

ദീപക് കുമാറിന്റെ വെളിപ്പെടുത്തലുകളും അയാളുടെ ന്യായങ്ങളുമെല്ലാം വാര്‍ത്ത തന്നെയാണ്. പക്ഷേ, അതിലുപരി ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പെടലാണ് ദീപക് കുമാറിന്റേത്..

ലാവലിന്‍ കേസ് മാധ്യമങ്ങളില്‍ കത്തിക്കാളിയ കാലത്തൊന്നും ദീപക് കുമാര്‍ എന്ന വേഷം എന്തുകൊണ്ട് കേരളത്തില്‍ അവതരിച്ചില്ല എന്നതാണ് അതിലേറ്റവും പ്രസക്തമായ ചോദ്യം. അതിനൊരു തൃപ്തികരമായ മറുപടി ഉണ്ടാകണം. സാക്ഷിപ്പട്ടിക വഴി ഈ ദേഹത്തെ കോടതിയിലേക്കു കെട്ടിയെടുത്താല്‍ വിചാരണ വേളയില്‍ ആദ്യം ഉയരുന്ന ചോദ്യം അതായിരിക്കും. അതിനൊരു മറുപടിയില്ലെങ്കില്‍ സാക്ഷിയുടെ കളളിപൊളിയും.

വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും കൊടുമ്പിരിക്കൊണ്ട കാലത്ത് പണം കൈമാറുന്നത് നേരില്‍ കണ്ട ദൃക്‌സാക്ഷി, ശീതനിദ്രയിലായിരുന്നു. സിഎജി റിപ്പോര്‍ട്ട്, വിജിലന്‍സ് - സിബിഐ അന്വേഷണങ്ങള്‍, മൊഴിയെടുപ്പ്, കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നിങ്ങനെ ഓരോഘട്ടങ്ങളിലും ഈ കേസ് ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വന്‍പ്രചരണ കോലാഹലങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അപ്പോഴെല്ലാം അഴിമതിയ്ക്കെതിരെയുളള ധാര്‍മ്മികരോഷത്തിന് അവധി കൊടുത്ത് ദൃക്‌സാക്ഷി കുഭകര്‍ണാസനം പരിശീലിക്കുകയായിരുന്നു.

ഒട്ടേറെ വര്‍ഷങ്ങള്‍ നീണ്ട ദീപക് കുമാറിന്റെ നിശബ്ദത ദുരൂഹം തന്നെയാണ്. "അമ്മൂമ്മയുടെ തറവാട്ടുവളപ്പിലാണ് എകെജി സെന്റര്‍ നില്‍ക്കുന്നത്, പുരാതന കമ്മ്യൂണിസ്റ്റ് തറവാട്ടിലാണ് താന്‍ ജനിച്ചത്" തുടങ്ങിയ ചപ്പടാച്ചികള്‍ കൊണ്ട് ഈ നിശബ്ദത പൂരിപ്പിക്കാനാവില്ല. എന്തുകൊണ്ട് ഇയാള്‍ ഇതുവരെ ഇതൊന്നും പറഞ്ഞില്ല എന്ന സംശയം കെ എ ജോണി എന്ന മാതൃഭൂമി ലേഖകന് ഇതുവരെ ഉണ്ടായതായി അദ്ദേഹത്തിന്റെ ഒരുവാര്‍ത്തയിലും തെളിവില്ല. ''ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു".എന്നാണ് ഏപ്രില്‍ 25ന് കെ എ ജോണി മാതൃഭൂമിയില്‍ സാക്ഷ്യപ്പെടുത്തിയത്.

ഈ വാര്‍ത്തയിലെ മറ്റുചില വാചകങ്ങളുടെ ഘടന നോക്കുക....

ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 
35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. 
ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.
റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. 
അപദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപക് കുമാറിനെ ജോണി വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ്. "പ്ലീസ് ഇയാളെ നിങ്ങളൊന്നു വിശ്വസിക്കൂ" എന്ന് മുട്ടിന്മേല്‍ നിന്ന് വായനക്കാരോടു കേഴുന്ന ജോണിയുടെ വാക്യങ്ങള്‍ക്ക് ഒരു മൂന്നാംകിട പിആര്‍ പത്രക്കുറിപ്പിന്റെ നിലവാരമേയുളളൂ. ദീപക്  കുമാറിന്റെയും അയാളെ കെട്ടിയെഴുന്നെളളിച്ച അശ്ലീലകുമാറിന്റെയും പിആര്‍ഒ മാത്രമാണ് കെ എ ജോണി എന്നതിന് ആദ്യത്തെ തെളിവാണ് മേലുദ്ധരിച്ച വാചകങ്ങള്‍.

2010 മെയ് 18ന് ജോണി വക മറ്റൊരു വാര്‍ത്ത. സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന് തലക്കെട്ട്. ആദ്യ ഖണ്ഡിക ഇങ്ങനെ.
എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നതിന് സി.ബി.ഐ. ശ്രമം തുടങ്ങിയതായറിയുന്നു. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരം. 
ഈ വാര്‍ത്തയുടെ മൂന്നാം ഖണ്ഡികയിലാണ് ജോണിയുടെ പത്രപ്രവര്‍ത്തന പ്രാഗത്ഭ്യം സമ്പൂര്‍ണമായി വെളിപ്പെടുന്നത്.
ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് ദിലീപ്‌രാഹുലന്‍ നേരിട്ടുതന്നെയാണ് പണം കൈമാറിയിരുന്നതെന്നും ദിലീപിന്റെ ദുബായിലുള്ള കമ്പനിയില്‍ ജോലിനോക്കുന്ന ഒരു സ്ത്രീയുടെ കൊല്ലത്തുള്ള വീട് കേന്ദ്രീകരിച്ചായിരുന്നു പല പണമിടപാടുകളും ആസൂത്രണം ചെയ്തിരുന്നതെന്നും സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇനി, 5—09-2009 ല്‍ ക്രൈം നന്ദകുമാര്‍ സിബിഐയ്ക്ക് അയച്ച കത്തിലെ അഞ്ചാം പോയിന്റ് കേള്‍ക്കുക...

5. Dileep Rahulan had paid a huge amount to Pinarayi Vijayan at various locations including Kannur in Kerala. He had used various NRI bank accounts to withdraw money. For instance; he had used the bank account of Beena Abraham, who is Dileep Rahulan's girl friend. They were classmates and are now working together in Dubai.
വെളളപ്പേപ്പറില്‍ ക്രൈം നന്ദകുമാര്‍ ഓരോരോ വെളിപാടുകള്‍ എഴുതി സിബിഐയുടെ വിലാസത്തില്‍ പോസ്റ്റു ചെയ്യുന്നു. ആ വിവരങ്ങള്‍ പകര്‍ത്തിയെഴുതി, "സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്" എന്ന ടിപ്പണി ചേര്‍ത്ത് കെ എ ജോണി മാതൃഭൂമിയില്‍ വിളമ്പുന്നു. ഇനി പറയൂ മനോജേ... ജോണി ആരുടെ പിആര്‍ഒയാണ്. ദീപക് കുമാറിന്റെയോ ക്രൈം നന്ദകുമാറിന്റെയോ..... രണ്ടും കുമാറാണെന്നുവെച്ച്, ക്രൈം നന്ദകുമാറിന്റെ പിആര്‍ഒയെ കയറി ദീപക് കുമാറിന്റെ പിആര്‍ഒ എന്നു വിളിക്കാമോ...

ദിലീപ് കുമാറിന്റെ പരാതി പരിശോധിക്കും - സിബിഐ എന്ന തലക്കെട്ടില്‍ 2010 ഏപ്രില്‍ 22ന് മാതൃഭൂമിയില്‍ വാര്‍ത്തയുണ്ട്. അതിലിങ്ങനെ പറയുന്നു;
ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ കോടികള്‍ കോഴ വാങ്ങുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ദീപക് കുമാര്‍ സിബിഐയെ അറിയിച്ചിട്ടുള്ളത്. സിബിഐയുടെ ചെന്നൈ ഓഫീസില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പരാതിയും തുടര്‍ന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്. എന്നാല്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അവ തീര്‍ച്ചയായും സിബിഐ അന്വേഷിക്കുമെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.. എന്നാണ് വാര്‍ത്ത പറയുന്നത്
 അതായത്, അപൂര്‍ണവും കേട്ടറിവുകളില്‍ നിന്നു രൂപപ്പെട്ടവയുമാണ് ദിലീപ് കുമാറിന്റെ പരാതികളെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ച വാര്‍ത്തയും മാതൃഭൂമി തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തത്. പക്ഷേ, ജോണിയുടെ അഭിപ്രായം വേറെയാണ്. കേട്ടില്ലേ മനോജിനോടു പറഞ്ഞത്.
"My information is that deepak has divulged some critical information to the cbi team which is looking into the lavalin case"
അപൂര്‍ണവും കേട്ടറിവുകളെ അടിസ്ഥാനമാക്കിയുളളതെന്നും സിബിഐ അഭിഭാഷകന്‍. ജോണി പറയുന്നു, ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷനെന്ന്. ആരുടെ പിആര്‍ഒയാണു സാര്‍ താങ്കള്‍...

വെളിവും വെളളിയാഴ്ചയുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചുകൂവുന്ന ദീപക് കുമാറിനെ ഏഷ്യാനെറ്റും മനോരമ ന്യൂസും ഇന്ത്യാവിഷനും നവംബര്‍ 11ന് മലയാളികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒരു കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തലുമായാണ് ടിയാന്‍ ചാനലുകളില്‍ ഉറഞ്ഞു തുളളിയത്. കുത്തിക്കൊന്നാലോ കുടല്‍ മാല വലിച്ചു പുറത്തിട്ടാലോ കൊല്ലപ്പെട്ടതാരെന്നോ, കൊന്നതാരെന്നോ താന്‍ പറയില്ല എന്ന ജല്‍പനം കേട്ട് മലയാളി മൂക്കത്തു വിരല്‍ വെച്ചു.

ആ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത് ഇതാ ഇവിടെയുണ്ട്.

ചാനല്‍ സ്റ്റുഡിയോയില്‍ ലൈവായി മുഴങ്ങിയ ലാവലിന്‍ കേസിലെ കൊലപാതക വെളിപ്പെടുത്തലും ഒരു പത്രപ്രവര്‍ത്തകന്റെയും അന്വേഷണ ത്വരയെ ഉത്തേജിപ്പിച്ചില്ല. കൊന്നതാരെന്ന് ആര്‍ക്കും അറിയേണ്ട.... കൊല്ലപ്പെട്ടതാരെന്ന് ആര്‍ക്കുമറിയേണ്ട... എന്തിനായിരുന്നു കൊലപാതകമെന്നും ആര്‍ക്കും അറിയേണ്ട...

ദീപക് കുമാറിനെ ഇഹത്തിലും പരത്തിലും ആദ്യമായി ഇന്റര്‍വ്യൂ ചെയ്ത് കെ എ ജോണി 2010 ഏപ്രില്‍ 25ന് മാതൃഭൂമിയില്‍ ഇങ്ങനെയെഴുതി...

കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. 
ഈ അറുപതു പേജു രേഖയിലും മൊഴിയിലും എന്തേ കൊലപാതക വിവരം വെളിപ്പെടുത്തിയില്ല എന്ന് ദിലീപ് കുമാറിനോട് ആരും ചോദിച്ചില്ല.

സിബിഐ സാഹചര്യത്തെളിവുകള്‍ ശേഖരിക്കുന്നു എന്ന തലക്കെട്ടില്‍ കെ എ ജോണി മെയ് 18ന് എഴുതിയ വാര്‍ത്തയില്‍ പറയുന്നത്,
തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ നല്കിയ മൊഴിയുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ. ഈ കേസില്‍ അന്വേഷണം പുതുവഴികളിലൂടെ കൊണ്ടുപോകുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ദീപക്കുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടിയിരുന്നു. എസ്.എന്‍.സി. ലാവലിനും കെ.എസ്.ഇ.ബി.യും തമ്മിലുണ്ടാക്കിയ കരാറിനു പിറകില്‍ പ്രവര്‍ത്തിച്ച മുഖ്യവ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപ്‌രാഹുലനും കേസിലെ പ്രതികളും തമ്മിലുള്ള അടുപ്പത്തിന്റെ നിര്‍ണായകവിവരങ്ങള്‍ ദീപക് സി.ബി.ഐ.ക്ക് നല്കിയതായാണ് വിവരംഎന്നാണ്. അവിടെയുമില്ല കൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍.
ചാനല്‍ സ്റ്റുഡിയോകളില്‍ ആടിയ ഓട്ടന്‍ തുളളല്‍ കഴിഞ്ഞപ്പോള്‍ കെ എ ജോണി വീണ്ടും ദീപക് കുമാറിനെ അഭിമുഖം നടത്തി വാര്‍ത്തയെഴുതി. നവംബര്‍ 13ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട വാര്‍ത്തയുണ്ടല്ലോ... അതാണ് വാര്‍ത്ത... വാര്‍ത്തയില്‍ ദിലീപ് രാഹുലനും ദീപക് കുമാറും ഒരുമിച്ചു നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ്  ചിത്രം. ആ ചിത്രം കാതില്‍ചേര്‍ത്തുവെച്ചാല്‍... "ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ വിമൂകമീ വേദിയില്‍" എന്ന ശോകാര്‍ദ്രഗാനം കേള്‍ക്കാം. വാര്‍ത്തയുടെ തലക്കെട്ട്, കോഴപ്പണം നല്കാന്‍ ദിലീപ് രാഹുലന്‍ പണമെടുത്തതിന് തെളിവുണ്ടെന്ന് ദീപക് കുമാര്‍

സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറിയെന്നും കനാറാ ബാങ്കില്‍ നിന്ന് പണമെടുക്കുന്നതു കണ്ടുവെന്നും കണ്ണൂരിലെ ദീപക് കുമാര്‍ ജോണിയോടു പറഞ്ഞു.

പക്ഷേ, ഇയാള്‍ വെളിപ്പെടുത്തിയ കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും ജോണി ചോദിച്ചെന്നോ സാക്ഷി മറുപടി പറഞ്ഞെന്നോ ഈ വാര്‍ത്തയിലില്ല.

ഇതെന്തു പത്രപ്രവര്‍ത്തനമാണ് ജോണി സാര്‍. വിധിയറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസ്. പ്രതിപ്പട്ടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ മെമ്പറുമായ സാക്ഷാല്‍ പിണറായി വിജയന്‍. തെളിവെടുപ്പിന്റെ ഘട്ടത്തില്‍ അതാ പൊട്ടിവീഴുന്നു, ഒരുകൊലപാതകത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ നടത്തിയ ആളിനെ ഇന്റര്‍വ്യൂവിനു കിട്ടിയാല്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ പോലും തനിക്കറിയാവുന്ന ഭാഷയില്‍ ആദ്യം ചോദിക്കുന്നത് ആ കൊലപാതകത്തെക്കുറിച്ചായിരിക്കും. കുത്തിക്കുത്തിച്ചോദിച്ച് എന്തെങ്കിലും വിവരം ചോര്‍ത്തി സ്വന്തം ബൈലൈനില്‍ എക്‌സ്‌ക്ലൂസീവ് കാച്ചാനുളള മോഹത്തിന് ട്രെയിനിയെന്നോ ആസനത്തില്‍ ആലുകിളിച്ചവന്‍ എന്നോ ഭേദമില്ല. പക്ഷേ, അപൂര്‍വ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് ക്രൈം നന്ദകുമാറും വീരേന്ദ്രകുമാറും സൃഷ്ടിച്ചെടുത്ത കെ എ ജോണിയ്ക്കു മാത്രം അത്തരം പത്രപ്രവര്‍ത്തനരീതിയില്‍ യാതൊരു താല്‍പര്യവുമില്ല. ലാവലിന്‍ കേസില്‍ കത്തിക്കുത്തോ കൊലപാതകമോ നടന്നോട്ടെ, നമ്മുടെ ലക്ഷ്യം ഒന്നുമാത്രം.. നടേ ഉദ്ധരിച്ച ഇംഗ്ലീഷ് ഡയലോഗുകള്‍ തപ്പിയാല്‍ ഇങ്ങനെയൊരു വാചകം കിട്ടും.... which i think would contribute in some way or other in cleansing the public sphere in kerala.

പ്രസ്തുത മെയില്‍ ഗ്രൂപ്പില്‍ ജോണിയുടേതായി പ്രത്യക്ഷപ്പെട്ട അവസാന വാചകങ്ങള്‍ ഇങ്ങനെയാണ്...

I have no intention to be indoctrinated in journalism by the desabhimani school. As far as the lavalin case is concerned let us wait and see the outcome.

ജേണലിസത്തിന്റെ മാതൃഭൂമി സ്‌ക്കൂളില്‍ നിന്ന് ഒന്നാം റാങ്കില്‍ പഠിച്ചിറങ്ങിയ മിടുക്കനാണ് ജോണി സാര്‍. അദ്ദേഹത്തിനു ചേരുന്ന വിശേഷണം ക്രൈം നന്ദകുമാറിന്റെയോ ദിലീപ് കുമാറിന്റെയോ പിആര്‍ഒ എന്നല്ല. ചെന്നൈയിലെ ശേഖരന്‍ നായര്‍ എന്നാണ്. ജോണിസാറിനോട് ഒരെളിയ അഭ്യര്‍ത്ഥനയുണ്ട്. ഓഫീസിലെവിടെയെങ്കിലും പഴയ ലക്കങ്ങളുണ്ടെങ്കില്‍, 2007 സെപ്തംബര്‍ 13ന്റെ മാതൃഭൂമി തപ്പിയെടുക്കുക. അതില്‍ ലാവലിന്‍ കരാറിന് സമ്മതിപ്പിക്കാന്‍ രാജഗോപാലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തലക്കെട്ടില്‍ ശേഖരന്‍ നായര്‍ വക ഏഴുകോളം നീളത്തില്‍ ഒരു സൃഷ്ടിയുണ്ട്. സിബിഐ അറിയുന്നു, സിബിഐയ്ക്ക് വിവരം ലഭിച്ചു, സിബിഐ പ്രതീക്ഷിക്കുന്നു, തുടങ്ങിയ പ്രയോഗങ്ങളില്‍ അവസാനിക്കുന്ന വാചകങ്ങളാണ് ആ വാര്‍ത്തയിലെമ്പാടും. വാര്‍ത്തയെഴുത്തിലും ഉപജാപത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ താങ്കള്‍ക്കു കഴിയട്ടെയെന്ന് ക്രൈം നന്ദകുമാറിന്റെ നാമത്തില്‍ സര്‍വേശ്വരനായ വീരേന്ദ്രകുമാറിനോടു പ്രാര്‍ത്ഥിക്കുന്നു.

ലാവലിന്‍ കേസിന്റെ അവസാനമാകുമ്പോഴും ഇവിടെയൊക്കെത്തന്നെ കാണണേ....

പിണറായി വിജയനോട് ഒരുവാക്ക്.... ജോണിയെഴുതുന്ന വാര്‍ത്തകള്‍ നിഷേധിച്ചില്ലെങ്കിലുണ്ടല്ലോ..... പിന്നെ ഒരു രക്ഷയുമില്ല.. എല്ലാം സത്യമാണെന്ന് ഈരേഴു പതിനാലുലകങ്ങളും വിധിയെഴുതിക്കളയും... .

പിന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല...

30 comments:

പൊളിച്ചെഴുത്തു് said...

ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ്. അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്‍ക്കാലം വിസ്മരിക്കുന്നു. ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍. വാര്‍ത്ത, വാര്‍ത്തയുടെ ഉറവിടം, താല്‍പര്യങ്ങള്‍ തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്‍പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച. അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര. തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുളളവര്‍ പൊതുസമൂഹത്തില്‍ വേറെയുമുണ്ട്. അതുകൊണ്ട്, എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം.

കിരണ്‍ തോമസ് തോമ്പില്‍ said...

വളരെ രസകരമായ പോസ്റ്റ്. കെ.എ ജോണിയെ കുറെ നാളുകളായി നോട്ട് ചെയ്യുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പണം വാങ്ങിയതിന്‌ തെളിവില്ല എന്ന് സി.ബി.ഐ പറഞ്ഞ ദിവസമാണ്‌ ദീപക്ക് കുമാര്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ദീപക് കുമാറിന്‌ മുഖ്യ സാക്ഷി എന്ന പരിവേഷം ലഭിക്കുന്നതും അങ്ങനെ ആണ്‌. ഇയാള്‍ എങ്ങനെ മുഖ്യ സാക്ഷി ആയി എന്നൊന്നും ജോണിയോട് ചോദിക്കരുത്. നാളെ ഇയാള്‍ മുഖ്യ സാക്ഷിയാകുമെന്ന് ജോണിക്കറിയാം. അതുകൊണ്ടാണ്‌ ജോണി അങ്ങനെ പറഞ്ഞതെന്ന് നമ്മള്‍ മനസിലാക്കിക്കൊള്ളണം. പക്ഷെ മുഖ്യ സാക്ഷിയുടെ തനിനിറം ചാനലിലൂടെ എല്ലാവരും കണ്ടു. മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തലുകള്‍ വിശദീകരിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ഷാജഹാനും ബിജുപങ്കജും ഒരുപാട് ബുദ്ധിമുട്ടി . മുഖ്യസാക്ഷി പറഞ്ഞു പണം വാങ്ങാന്‍ വേണ്ടി മാത്രം തുടങ്ങിയ കമ്പനിയാണ്‌ ടെകിനിക്കാലിയ അതിപ്പോള്‍ നിലവിലില്ല.പക്ഷെ അത്ഭുതകരമെന്ന് പറയട്ടെ ആ കമ്പനി ഇപ്പോഴും മുഖ്യ സാക്ഷിയുടെ പ്രവര്‍ത്തന മണ്ഡലമായ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയെ ഉള്ളൂ അന്വേഷണങ്ങള്‍ ഇപ്പോഴിതാ മുഖ്യ സാക്ഷി തിരുവനന്തപുരത്ത് കള്ളുകുടിച്ച് അഴിഞ്ഞാടുന്നു. എന്തെല്ലം കാണണം എന്റെ ഈശ്വരാ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലാവ്‌ലിന്‍ കേസില്‍ “സാക്ഷി”പറയാന്‍ വന്ന ദീപക് കുമാരന്‍ അവസാനം എവിടെ എത്തി എന്ന് നോക്കൂ..ഇതൊക്കെ വിളമ്പാന്‍ സ്വാതന്ത്ര്യ സമര പാരമ്പര്യം അവകാശപ്പെടുന്ന പത്രവും..ഉളുപ്പില്ലാത്ത പത്രപ്രവര്‍ത്തനം..

കെ എ ജോണി ഒരു വാര്‍ത്തയില്‍ എഴുതുന്നു:

1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്. 25 ലക്ഷം രൂപയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസായി നല്കാമെന്നു പറഞ്ഞത്. റബ്‌കോയുടെ എം.ഡി.യായി ദീപകിനെ നിയമിക്കുമെന്ന് ദിലീപ് രാഹുലന്‍ ഉറപ്പുനല്കിയിരുന്നതായും ദീപക് പറഞ്ഞു. ഇതു രണ്ടും നടന്നില്ല.

മറ്റൊരു വാര്‍ത്തയില്‍ വീണ്ടും എഴുതുന്നു:

1996-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ദിലീപ് രാഹുലന്‍ തന്നെയും കൂട്ടി കണ്ണൂരിലെത്തി സി.പി.എം. നേതാവ് പിണറായി വിജയന് പണം കൈമാറിയതെന്നും ഇതില്‍ വലിയൊരു തുക ദിലീപ് എറണാകുളത്തുള്ള കനറാബാങ്ക് ശാഖയില്‍ നിന്ന് പിന്‍വലിച്ചതിന് താന്‍ സാക്ഷിയാണെന്നും ദീപക്കുമാര്‍ പറഞ്ഞു.

തൊണ്ണൂറുകള്‍ എന്നാല്‍ എന്ന്? കാര്യങ്ങള്‍ക്ക് ഒരു കണക്കു വേണ്ടേ? 1996 ല്‍ തിരഞ്ഞെടുപ്പ് നടന്ന് ഇടതു മുന്നണി അധികാരത്തില്‍ വന്ന് 1998ലാണു റബ്‌കോ ഉണ്ടാകുന്നത്...

അപ്പോള്‍ തിരഞ്ഞെടുപ്പു പോലും നടക്കുന്നതിനു മുന്‍‌പേ വിജയന്‍ മത്സരിക്കുമെന്നും സഹകരണവകുപ്പ് മന്ത്രി ആകുമെന്നും “റബ്‌കോ” തുടങ്ങുമെന്നും ഗണിച്ചറിഞ്ഞ് അതിനൊക്കെ മുന്‍‌പേ കോഴപ്പണം കൊടുത്തു പോലും....നല്ല സാക്ഷി ...നല്ല പ്രതിബദ്ധത ഉള്ള പത്രപ്രവര്‍ത്തകനും !!!!

റബ്‌കോ എവിടെ ? ലാവ്‌ലിന്‍ എവിടെ ..ആ...!!!

Suraj said...

ഏ-ക്ലാസ് വെടിക്കെട്ട്... കുറേനാളായി ആരെങ്കിലുമൊക്കെ ഉയർത്തേണ്ടിയിരുന്ന ചോദ്യങ്ങൾ .... ചെന്നൈയിലെ ശേഖരന്നായർ.... ഹ ഹ ഹ ഹ ഹ ഹ ഹ... പ്രിന്റ് മീഡിയയിലും അനോണിശല്യമോ ? ;))))

വാക്കേറുകള്‍ said...

I can understand the feelings ofMr. manoj. Since he is a political activist cum journalist it may be his duty to defend his political masters. But that in no way authorises him to raise baseless allegations against any one.

അതേ മനോജ് പാര്‍ടിക്കാരനും പാര്‍ടി പത്രത്തിന്റെ പ്രധാനിയുമാണ്. അപ്പോള്‍ അതിന്റേതായ പരിമിതിയും പക്ഷപാതിത്വവും ഒക്കെ പ്രതീക്ഷിക്കാം.തുറന്ന ഒരു ചര്‍ച്ചയ്ക്ക് പറ്റിയ ഒരു വേദിയാണോ എന്ന് അറിയാത്തതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

ജനശക്തി said...

ചെന്നയിലെ ശേഖരന്‍ നായര്‍മാരാണല്ലോ ‘ഭാവനാസമ്പന്നമായ’ രചനകളിലൂടെ ലാവലിന്‍ കേസിനെ മുഖ്യധാരയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്. :)

കെ പി | KP said...
This comment has been removed by the author.
കെ പി | KP said...
This comment has been removed by the author.
കെ പി | KP said...

വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പ്രഥമ ദ്രിഷ്ട്യാ വ്യക്തമാണ്.
""പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ."" തികച്ചും ബാലിശമായ പ്രതികരണം. ഇങ്ങനെയുള്ള രാഷ്ട്രിയപരമായി തികച്ചും മുന്‍വിധിയോടെയുള്ള നിരീക്ഷണം നടത്തുന്നവര്‍ക്കു മാധ്യമങ്ങളും ആള്‍ക്കാരും ഇതല്ലാതെ എന്ത് പ്രതികരണം നല്‍കും . സ്ഥിരമായി ഇങ്ങനെ പ്രതികരിക്കുമ്പോള്‍ "ഇത് കുറെ കേട്ടിട്ടുണ്ട്" എന്ന മട്ടില്‍ പുച്ചിച്ചു തള്ളുന്നതും ഒരു "അടവ്" തന്നെ.

അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?
" ലാവ്‌ലിന്‍ കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന്‌ 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച്‌ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല" .കൂടാതെ നഷ്ടക്കണക്കുകളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഇവയെക്കുറിച്ച് പ്രതികരിക്കാന്‍ മുന്‍ വൈദ്യുത മന്ത്രി ബാധ്യസ്തനല്ലേ? കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് ?

എല്ലാവരും പലതും അവരുടെതായ രീതിയില്‍ വെളിപ്പെടുത്തും. അറ്റവും മുറിയും മനസ്സിലാക്കി അതിനെ കീറിമുറിച്ചു അവരുടെ ലോ പോയിന്റ്‌ പോക്കാണ് അത് കൊണ്ട് അവര് പോക്കനെന്നൊക്കെ വിളിച്ചുപറയാന്‍ സമയമായോ? ലാവ്‌ലിന്‍ കേസ് ജനങളുടെ നികുതിപ്പണം ദുര്‍വിനിയോഗം ചെയ്തതിനുള്ളതാണ്. ജോണി ഏന്ത് പറയുന്നു എന്നതിലല്ല, പക്ഷെ ജോണിയോ ദീപക്കോ പറഞ്ഞത് വച്ച് ഈ കേസ് തെളിയുകയാണെങ്കില്‍ തെളിയട്ടെ. ഇനി കുറ്റവിമോചിതരായാല്‍ ജോണിക്കും ദീപക്കിനും എതിരെ കള്ളക്കഥ ചമച്ചതിന് നടപടി എടുക്കട്ടെ. എന്തൊക്കെയായാലും അവര്‍ പറഞ്ഞ കഥയും സിബിഐ കേള്‍ക്കെണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് തെളിവില്ലാന്നു സിബിഐ പറയുകയും ഞങ്ങ തരാം തെളിവ് എന്ന് പറഞ്ഞു അവര്‍ വന്നതിനാലും.

കെ പി | KP said...

I was getting "Request-URI Too Large" error when I submitted comments. But in fact the copies of the comments were already added. So I am deleting the duplicate comments. Sorry for the "blank" comments above.

വിജി പിണറായി said...

ഒരു ‘ചെയ്‌ഞ്ചി’നു വേണ്ടി കമന്റിങ്ങില്‍ ഒരു പുതിയ ‘ശൈലി’ ശ്രമിച്ചു നോക്കുന്നു. പത്രലേഖകരും റിപ്പോര്‍ട്ടുകളുമാണ് ചര്‍ച്ചാവിഷയം എന്നതുകൊണ്ട് എന്നെത്തന്നെ ഒരു പത്രപ്രവര്‍ത്തകനായി സങ്കല്‍പ്പിക്കുന്നു.

'സാക്ഷി' ഉവാച: “പിണറായി വിജയന് കോഴപ്പണം കൈമാറിയതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്.“

പത്രപ്രവര്‍ത്തകന്‍ (ഞാന്‍): ലാവലിന്‍ ഇടപാടില്‍ വ്യക്തികള്‍ തമ്മില്‍ പണമിടപാടുകളൊന്നും നടന്നതായി തെളിവില്ലെന്നാണല്ലോ സി ബി ഐ പറഞ്ഞിട്ടുള്ളത്? ആ നിലയ്ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന ഈ വിവരം താങ്കള്‍ എന്തുകൊണ്ടാണ് പതിനാലു വര്‍ഷമായി വെളിപ്പെടുത്താതിരുന്നത്? ഇത്രയും പ്രധാനപ്പെട്ട ഒരു കുറ്റകൃത്യം നടന്നതിനുള്ള തെളിവുകള്‍ കൈവശമുണ്ടായിട്ടും മറച്ചുവെച്ചത് കുറ്റവാളികളെ സഹായിക്കുന്ന നടപടിയല്ലേ?

‘മാതൃഭൂമി’ പ്രവര്‍ത്തകന്‍: (മൌനം ഭൂഷണം...)

സാക്ഷി പുന: ഉവാച: 1996-ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പണം നല്‍കി... മുന്‍ പ്രധാനമന്ത്രി ദേവെഗൌഡ തെരഞ്ഞെടുപ്പു പ്രചാ‍രണാര്‍ഥം കോഴിക്കോട്ട് വന്നതിന്റെ അടുത്ത ദിവസമാണ് പണം നല്‍കിയത്... തങ്ങള്‍ അന്ന് റസ്റ്റ് ഹൌസില്‍ തങ്ങിയിരുന്നു എന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും...

പത്ര: തെരഞ്ഞെടുപ്പില്‍ വിജയനും എല്‍ ഡി എഫും ജയിക്കുമെന്നും വിജയന്‍ മന്ത്രിയാകുമെന്നും വൈദ്യുതി വകുപ്പ് തന്നെ കിട്ടും എന്നും മുന്‍‌കൂ‍ട്ടി ഗണിച്ചോ ദിലീപ് രാഹുലന്‍?

മാ. പ്ര.‍: (മൌനം അത്യുത്തമം)

സാക്ഷി: സഹകരണ വകുപ്പിന്റെ കീഴിലുള്ള റബ്‌കോയുമായി ചേര്‍ന്ന് റബ്‌വുഡ് പദ്ധതി തുടങ്ങാന്‍ വേണ്ടിയായിരുന്നു...

പത്ര: റബ്‌കോ.. അത് റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടി 1998-ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരല്ലേ തുടങ്ങിയത്? ആ റബ്‌കോയുടെ പദ്ധതിക്കു വേണ്ടി 1996-ല്‍ പണം കൊടുത്തോ? കല്യാണം ആലോചിക്കും മുന്‍പേ, ജനിക്കാന്‍ പോകുന്ന കുട്ടിക്ക് നഴ്സറിയില്‍ അഡ്മിഷന്‍ ബുക്കു ചെയ്യുന്നതു പോലെ...

മാ. പ്ര.‍: നല്ലൊരു ‘സ്കൂപ്പി’നുള്ളതൊക്കെ ആയല്ലോ... (ആത്മഗതം)

സാക്ഷി: കോഴപ്പണത്തിന്റെ പങ്കുകൊണ്ട് ദിലീപ് രാഹുലനും കൂട്ടരും ദുബായില്‍ പസഫിക് കണ്‍‌ടോള്‍സ് എന്ന സ്ഥാപനം പണിതു...

പത്ര: അപ്പോള്‍ ദിലീപ് രാഹുലന്‍ കോഴ കൊടുക്കുകയാണോ വാങ്ങുകയാണോ ചെയ്തത്? സ്വന്തം സ്റ്റാഫിനു തന്നെ കോഴ കൊടുക്കേണ്ട ഗതികേടിലായിരുന്നോ ലാവലിന്‍?? ആകെ കണ്‍ഫ്യൂഷനായല്ലോ...

മാ. പ്ര.: ഒരു കണ്‍ഫ്യൂഷനുമില്ല. എല്ലാം വളരെ വ്യക്തമാണ് എന്ന് എനിക്കു തോന്നുന്നു. I think this would contribute in some way or other in boosting our morale especially because the CBI's stance seems to have weakened...

വിജി പിണറായി said...

(തുടരുന്നു)

സാക്ഷി: കണ്ണൂര്‍ റസ്റ്റ് ഹൌസില്‍ / സഹകരണ ആശുപത്രിയില്‍ വെച്ച് പണം കൈമാറി...

പത്ര: എവിടെ വെച്ചാണ് പണം കൈമാറിയതെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ലേ? കഷ്ടിച്ച് അര മണിക്കൂറു കൊണ്ട് എത്താവുന്നിടത്ത് സ്വന്തം വീടുള്ളയാള്‍ അവിടെയല്ലാതെ പൊതു സ്ഥലത്തു വെച്ച് കോഴ വാങ്ങാന്‍ തയ്യാറാകുമോ?

മാ. പ്ര.: ഹോ! ആശുപത്രിയില്‍ വെച്ച് കോഴ വാങ്ങിയെന്നോ? അപാര തൊലിക്കട്ടി തന്നെ!

സാക്ഷി: കലൂരിലെ ഒരു ബാങ്ക്, അയ്യപ്പന്‍‌കാവിലെ മറ്റൊരു ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് പണം...

പത്ര: ഈ ബാങ്കുകള്‍ക്കൊന്നും പേരില്ലേ സാര്‍?

മാ. പ്ര.: ഏതു ബാങ്കായാലെന്താ...

പത്ര.: (ആത്മഗതം): ബ്ലഡ് ബാങ്കായിരിക്കും! ആശുപത്രിയില്‍ വെച്ച് കോഴ കൊടുത്ത പാര്‍ട്ടിയല്ലേ...!

സാക്ഷി: ദിലീപുമായി എനിക്ക് കോളേജ് പഠന കാലം മുതലുള്ള സൌഹൃദമാണ്... ബിസിനസ്സില്‍ വിശ്വാസവഞ്ചന കാണിച്ചതിനെത്തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു...

പത്ര.: (ആത്മഗതം) അപ്പോള്‍ അതാണ് കാര്യം!

പത്ര: ബിസിനസ് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞപ്പോള്‍ പക വീട്ടാനുള്ള ശ്രമം മാത്രമാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ ആരോപണങ്ങള്‍ എന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

മാ. പ്ര.: (ആത്മഗതം) സുപ്രധാന സാക്ഷിയെ അസ്വസ്ഥനാക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...!

വിജി പിണറായി said...

(ഏതാനും മാസങ്ങള്‍ക്കു ശേഷം തുടരുന്നു...)

വിജയന് കോഴ നല്‍കാന്‍ പണം പിന്‍‌വലിച്ചതിന് ഞാന്‍ സാക്ഷിയാണ്... (

പത്ര.: കോഴ നല്‍കിയതിനു തന്നെ സാക്ഷിയാണെന്ന് നേരത്തേ പറഞ്ഞതാണല്ലോ.. അപ്പോള്‍പ്പിന്നെ പണം പിന്‍‌വലിച്ചതിനു സാക്ഷിയാണെന്ന് പ്രത്യേകം പറയണോ?

മാ. പ്ര.: (ആത്മഗതം) അതിനെന്താ... പണം പിന്‍‌വലിച്ചതിനും സാക്ഷിയാണെന്ന് മനസ്സിലാക്കിയാല്‍ പോരേ?

സാക്ഷി: ദിലീപ് രാഹുലന്റെ അമ്മ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നാണ് ബാങ്കിലേക്ക് പോയത്. സിയലോ കാറില്‍.. ഞാനാണ് ഡ്രൈവ് ചെയ്തത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദിലീപ് ഒരു ബാഗ് എടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു... ബാങ്കില്‍ പോയ ദിലീപ് മറ്റൊരു ബാഗുമായി തിരിച്ചു വന്നു. യാത്ര തുടര്‍ന്നു... രാത്രി കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ തങ്ങി... പിറ്റേന്ന് രാവിലെ കണ്ണൂരേക്കു പോകുന്ന വഴി തലശ്ശേരി കഴിഞ്ഞപ്പോള്‍ വഴി കാട്ടുന്നതിന് മറ്റൊരു കാര്‍ എത്തി. അതിനെ പിന്തുടര്‍ന്നാണ് വിജയന്‍ താമസിക്കുന്നിടത്ത് എത്തിയത്...

പത്ര.: കാറിന്റെ നമ്പര്‍? വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എടുത്ത ബാഗില്‍ എന്തായിരുന്നു? പണമായിരുന്നോ അതോ മറ്റു വല്ലതും? ബാങ്കില്‍ പോയപ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗ് എന്തു ചെയ്തു? കോഴിക്കോട്ട് ഏതു ഹോട്ടലിലാണ് തങ്ങിയത്? കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പണം കൈമാറി എന്നായിരുന്നല്ലോ മുന്‍പ് പറഞ്ഞത്...? ‘വിജയന്‍ താമസിക്കു(ച്ചിരു)ന്ന’ത് സഹകരണ ആശുപത്രിയിലായിരുന്നോ?

മാ. പ്ര.: (ആത്മഗതം) ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ കിട്ടുമ്പോള്‍ ചോദ്യങ്ങളൊക്കെ അനാവശ്യം...

സാക്ഷി: ഇടപാടുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം നടന്നിട്ടുണ്ട്...

പത്ര: കൊലപാതകമോ?? ആരാണ് കൊല്ലപ്പെട്ടത്? കൊന്നത് ആര്? എപ്പോള്‍? എവിടെ വെച്ച്? എങ്ങനെ?

മാ. പ്ര: ആഹാ...! അടുത്ത ‘സ്കൂപ്പ്’ ഒത്തു...! കൊല്ലപ്പെട്ടതും കൊന്നതും ആരായാലെന്താ... I think this would contribute in some way or other in rekindling the 'Lavalin myth'...!

സാക്ഷി: അതൊന്നും വെളിപ്പെടുത്താന്‍ പറ്റില്ല... കരാറിന് എതിരു നിന്ന, വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനാണ്.

പത്ര: കരാറിന് എതിരുനിന്നയാള്‍... എങ്കില്‍ കൊല നടന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കണമല്ലോ... കൊലപാതകം നടന്നത് നേരിട്ട് അറിയാമായിരുന്നിട്ടും എന്തേ പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കാതിരുന്നത്? കൊലക്കുറ്റം മറച്ചുവെച്ച് കൊലയാളിയെ / കൊലയാളികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചത് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്ന നടപടിയല്ലേ? അഥവാ പ്രത്യാഘാതങ്ങളെ ഭയന്നാണ് ഇത്രയും കാലം മൌനം പാലിച്ചതെങ്കില്‍ നേരത്തെ സി ബി ഐ മൊഴിയെടുത്തപ്പോഴെങ്കിലും പറയാമായിരുന്നില്ലേ?

മാ. പ്ര.: കോഴയ്ക്കു പുറമേ കൊലപാതകവും! ഹോ...

സാക്ഷി: സി ബി ഐ ചോദ്യം ചെയ്ത സമയത്ത് കൊലപാതകത്തിന്റെ കാര്യം വെളിപ്പെടുത്താന്‍ പറ്റിയില്ല...

പത്ര.: ങ്ഹേ...? സി ബി ഐ ഒന്‍പതു മണിക്കൂറോളം എടുത്തായിരുന്നല്ലോ മൊഴിയെടുത്തത്? ഒന്നിലേറെ ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തിയിരുന്നതായാണല്ലോ റിപ്പോര്‍ട്ടുകള്‍? മറ്റൊരു കാര്യവും പറഞ്ഞില്ലെങ്കിലും കൊലപാതകത്തെക്കുറിച്ച് പറയാന്‍ സമയവും അവസരവും കിട്ടാതിരിക്കുമോ?

മാ. പ്ര.: (ആത്മഗതം) മൌനം വിദ്വാനു ഭൂഷണം... ഇത്തരം സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കുകയാണ് വിദ്വാനായ പത്രപ്രവര്‍ത്തകന്റെ ധര്‍മം... ‘സെന്‍സേഷനല്‍ സ്കൂപ്പു‘കള്‍ നല്‍കി വായനക്കാരെ ത്രില്ലടിപ്പിക്കണമെങ്കില്‍ സാക്ഷിക്ക് ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക തന്നെ വേണം...

വിജി പിണറായി said...

സാക്ഷി: അന്വേഷണ ചുമതലയുണ്ടായിരുന്ന സത്യസന്ധനായ ഓഫീസര്‍ ഡി വൈ എസ് പി അശോക് കുമാറിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റാന്‍ ഒരു കേന്ദ്രമന്ത്രി ഇടപെട്ടു...

പത്ര.: “ഒരു കേന്ദ്രമന്ത്രി”? ലാവലിന്‍ കേസില്‍ ഇത്രയ്ക്ക് താല്പര്യമെടുക്കുന്ന ആ മന്ത്രി ആര്? ലാവലിനുമായി ഇടപാട് ഉറപ്പിച്ചപ്പോഴും അവര്‍ പണിയുടെ സിംഹഭാഗവും നടത്തിയപ്പോഴും സംഭവം നഷ്ടക്കച്ചവടമാണെന്ന് ബോധ്യമായിട്ടും അവര്‍ക്ക് പണം മുഴുവന്‍ കൊടുത്തപ്പോഴും സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ആള്‍ ഇന്ന് കേന്ദ്രമന്ത്രിസഭയിലെ അത്യുന്നതനാണ്. ഇടപാടിന്റെ 'A to Z' അറിയാവുന്ന അദ്ദേഹം പക്ഷേ ഇന്നോളം ആ വിഷയത്തില്‍ മാത്രം ഒന്നും മിണ്ടിയിട്ടില്ല. - തന്റെ ഓഫീസ് (ഫലത്തില്‍ താന്‍ തന്നെ) കേസില് ഇടപെട്ടു എന്ന് സാക്ഷാല്‍ ‘ക്രൈം ഫെയിം’ നന്ദകുമാര്‍ ആരോപിച്ചപ്പോള്‍ പോലും. അശോക് കുമാറിന്റെ അന്വേഷണം ശരിയായ വഴിക്കു നീങ്ങിയാല്‍ തന്റെ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്ന ചിലര്‍ (കൂട്ടു നിന്ന താനും?) വെട്ടിലാകും എന്ന് അറിയാവുന്ന അദ്ദേഹമാണോ...? അതോ അന്വേഷണം നേരെ ചൊവ്വേ നടന്നാല്‍ ഇപ്പോള്‍ വിജയന്റെ മേലുള്ള കുരുക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖരായ മുന്‍ മന്ത്രിമാരുടെ മേല്‍ ചെന്നു വീഴുമെന്ന് തിരിച്ചറിഞ്ഞ സഹമന്ത്രിമാരില്‍ ആരെങ്കിലും...?

മാ. പ്ര.: (ആത്മഗതം) ഇനി മൌനം മാത്രമാണ് മാര്‍ഗം...

പത്ര.: വിജയന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും, ജയിക്കും, എല്‍ ഡി എഫ് അധികാരത്തിലെത്തും, വിജയന്‍ മന്ത്രിയാകും, അതും വൈദ്യുതി വകുപ്പ് തന്നെ കിട്ടും... ഇത്രയും കാര്യങ്ങള്‍ കൃത്യമായി മുന്‍‌കൂട്ടി ഗണിച്ച ‘മഹാജ്യോതിഷപ്രതിഭ’ ദിലീപ് രാഹുലന് ഇടപാടില്‍ തട്ടിപ്പ് നടത്തിയാല്‍ പ്രശ്നമാകും, കേസാകും, താന്‍ അടക്കമുള്ളവര്‍ കുടുങ്ങും എന്നൊന്നും ഗണിക്കാന്‍ പറ്റിയില്ലായിരുന്നോ ആവോ? അത് പോട്ടെ, 35 വര്‍ഷത്തെ അടുപ്പമുള്ള, തന്റെ വ്യക്തിപരമായതും ബിസിനസ് സംബന്ധവുമായ കാര്യങ്ങളെക്കുറിച്ച് ഇത്രയും വിശദമായി അറിയാവുന്ന പങ്കാളിയായ ദീപക് കുമാര്‍ തെറ്റിപ്പിരിഞ്ഞാല്‍ തന്റെ ഇടപാടുകള്‍ അയാള്‍ വെളിപ്പെടുത്തും എന്നെങ്കിലും ഗണിക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞാല്‍ അയാള്‍ ഏതു കോത്താഴത്തെ ബിസിനസ്സുകാരനാണെടേയ്? അശോക് കുമാര്‍ എന്ന ഓഫീസറെ മാറ്റാന്‍ കേന്ദ്രമന്ത്രിയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളയാള്‍ക്ക് ആ അശോക് കുമാറിനെ അന്വേഷക സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സ്വാധീനം ഇല്ലായിരുന്നോ? അല്ല, ഇതൊക്കെ ആരോടു ചോദിക്കാനാ...?

വിജി പിണറായി said...

പത്ര.: (മാ. പ്രവര്ത്തകനോട്): അല്ല സുഹൃത്തേ... താങ്കളും ഒരു പ്രത്രപ്രവര്‍ത്തകനല്ലേ? തീര്‍ത്തും പൊള്ളയായതെന്ന് കൊച്ചു കുട്ടിക്കു പോലും തോന്നുന്ന അവകാശവാദങ്ങള്‍ നിരത്തുന്ന ഇയാളോട് അതേക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കാതിരുന്നതെന്തേ?

മാ. പ്ര.: എനിക്ക് ദീപക്കുമാറിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ദീപക്കുമാര്‍ സി ബി ഐക്ക് സുപ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് എനിക്ക് അറിവുണ്ട്. ദീപക്കുമാര്‍ സി ബി ഐക്കു നല്‍കിയ രേഖകള്‍ പണമിടപാടുകളെക്കുറിച്ച് അറിയാന്‍ വളരെ സഹായകമായിരുന്നു എന്നും എനിക്ക് അറിവുണ്ട്. വേറെയും പലതും അറിവുണ്ട്. എനിക്ക് ദീപക്കുമാറുമായി വിശ്വാസയോഗ്യമായ ‘കോണ്‍‌ടാക്റ്റു’കള്‍ ഉണ്ട്... അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് എന്റെ അവകാശമാണ്.

പത്ര. (ആത്മഗതം): ചുരുക്കിപ്പറഞ്ഞാല്‍ ദീപക് കുമാര്‍ പറയുന്നതെന്തും സംശയത്തിന്റെ കണികപോലുമില്ലാതെ ‘തൊള്ള തൊടാതെ വിഴുങ്ങി’ റിപ്പോര്‍ട്ടുകളായി പുറത്തു വിടുകയാണ് ഇദ്ദേഹം ചെയ്യുന്നത്... ദീപക് കുമാറിന്റെ ഓഫീസില്‍ പി ആര്‍ ഒ സ്ഥാനത്തേക്ക് ഒഴിവിലെങ്കില്‍ എത്രയും പെട്ടെന്ന് ഒരു തസ്തിക സൃഷ്ടിച്ച് ഇദ്ദേഹത്തെ നിസ്സംശയം നിയമിക്കാം. അതിനുള്ള എല്ലാ യോഗ്യതകളും ഇദ്ദേഹത്തിന് നിശ്ചയമായും ഉണ്ട്...! വേണമെങ്കില്‍ സൌജന്യമായിത്തന്നെ ജോലി ചെയ്തുകൊടുക്കും!

വിജി പിണറായി said...

'മെഗാ‍ാ‍ാ പരമ്പര' പോലെ ‘മെഗാ കമന്റു’കള്‍ ഇട്ടതിന് ഈ പാവം ‘പത്രനെ’ ഇവിടുന്ന് ഓടിച്ചുവിടരുത്, പ്ലീസ്.. പി ആര്‍ ഒ ജോലി പരിചയമില്ലാത്തതുകൊണ്ടാണേ...!!

ബിജുകുമാര്‍ alakode said...

കേരളത്തിലെ ചീഞ്ഞളിഞ്ഞ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമായി ലാവലിന്‍ കേസ് റിപ്പോര്‍ട്ടിങ്ങ് വരുംകാലത്ത് എണ്ണപ്പെടുമെന്നതില്‍ അശ്ശേഷം സംശയമില്ല. പല ചാനലുകളിലും രാത്രി കാണിയ്ക്കുന്ന ക്രൈം സ്റ്റോറികളിലൊന്നില്‍ പോലും (FIR അങ്ങനെയെന്തെല്ലാമോ പേരില്‍ കുറെയെണ്ണം) ദീപക്ക് കുമാരന്റെ “കൊലക്കഥ”യെ പറ്റി ഒരു റിപ്പോര്‍ട്ടും കാണാന്‍ പറ്റിയില്ല. കേരളത്തിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങി കുഴിമാടമായ കുഴിമാടമെല്ലാം തോണ്ടി കഥകളുണ്ടാക്കുന്ന തിരക്കില്‍ അതിനു സമയം കിട്ടിക്കാണില്ലായിരിയ്ക്കും.
ഒന്നാന്തരം പോസ്റ്റ്. ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിയ്ക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
കൊച്ചുസാറണ്ണൻ said...

ഇനിയും പൊളിച്ചെഴുതുക. ആശംസകൾ!

karimeen/കരിമീന്‍ said...

തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പിണറായി ചെയ്ത കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതായിരിക്ക്കും

karimeen/കരിമീന്‍ said...

അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?
" ലാവ്‌ലിന്‍ കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന്‌ 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച്‌ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല" .കൂടാതെ നഷ്ടക്കണക്കുകളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഇവയെക്കുറിച്ച് പ്രതികരിക്കാന്‍ മുന്‍ വൈദ്യുത മന്ത്രി ബാധ്യസ്തനല്ലേ? കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന്

പാവം ! പഴയ കാലത്തില്‍ തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.ജി.നടത്തിയ ആഡിറ്റ് പരാമര്‍ശത്തിന് പിണറായി മറുപടി പറഞ്ഞില്ലത്രേ..........പാവം....പിണറായി മറുപടി തന്നിരുന്നെങ്കില്‍ ഇവരെല്ലാം ആരോപണങ്ങള്‍ നിര്‍ത്തി എന്നേ അടങ്ങിയിരുന്നേനേ...........

സാറേ......മറുപടി നല്‍കേണ്ട വൈദ്യുതി വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. പിണറായി മറുപടി നല്‍കിയാലും അത് കേള്‍ക്കാന്‍ നിയമപരമായി എ.ജി.ക്ക് ബാധ്യതയില്ല.

Indian-Spartucus said...

"കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് ?"

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. കോടതി കുറ്റക്ക്ക്കാറാനെന്നു പറയുന്നത് വരെ കുറ്റവാളി എന്നു പറയരുത് എന്നൊക്കെയല്ലേ മൂന്നാം തൂണിന്റെ സംഹിതകളില്‍ പറയുന്നത്? അതോ ഈയിടെയെങ്ങാനും വല്ല മാറ്റവും വന്നോ?

വിജി പിണറായി said...

‘വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പ്രഥമ ദ്രിഷ്ട്യാ വ്യക്തമാണ്.‘

അതേ, സംശയിക്കേണ്ട. വ്യക്തമാണ്. ‘പക്ഷപാതത്തോടെയും മുന്‍വിധിയോടെയും’ ‘അപസര്‍പ്പക റിപ്പോര്‍ട്ടുകള്‍’ പടച്ചു വിടുന്നതിനെ തുറന്നുകാട്ടുമ്പോള്‍ എതിര്‍ പക്ഷപാതം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ‘മുന്‍‌വിധി’ അല്ല, പത്രത്തില്‍ വന്നുകഴിഞ്ഞ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള ‘പിന്‍വിധി’യാണ് - റിപ്പോര്‍ട്ടര്‍ പി ആര്‍ ഒ-വിന്റെ നിലവാരത്തിലേക്ക് താഴുന്നു എന്ന്.

‘പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി... സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ.‘ തികച്ചും ബാലിശമായ പ്രതികരണം.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ വസ്തുനിഷ്ഠമായി ഖണ്ഢിക്കുന്നതിനു പകരം വിമര്‍ശകന്റേത് ‘പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം’ ആണെന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിക്കുന്നതല്ലേ ‘ബാലിശമായ പ്രതികരണം‘?

ഇങ്ങനെയുള്ള രാഷ്ട്രിയപരമായി തികച്ചും മുന്‍വിധിയോടെയുള്ള നിരീക്ഷണം നടത്തുന്നവര്‍ക്കു മാധ്യമങ്ങളും ആള്‍ക്കാരും ഇതല്ലാതെ എന്ത് പ്രതികരണം നല്‍കും.

അതു തന്നെ...! തികച്ചും മുന്‍‌വിധിയോടെ, കേള്‍ക്കുന്ന കാര്യങ്ങളുടെ വിശ്വാസ്യത പേരിനെങ്കിലും പരിശോധിക്കുക പോലും ചെയ്യാതെ കണ്ണുമടച്ച് വിഴുങ്ങി ‘നിര്‍ണായകം’, ‘വഴിത്തിരിവ്’ എന്നൊക്കെ പറഞ്ഞ് ‘കഥകള്‍’ അടിച്ചുവിടുന്നവരോട് ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കും?!

വിജി പിണറായി said...

അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?

സര്‍ക്കാരിന്റെ നിലപാടിനെതിരായി ഉണ്ടായ നടപടിയെ അതിനിരയായ വ്യക്തി ചോദ്യം ചെയ്താല്‍, അതില്‍ സര്‍ക്കാര്‍ കക്ഷിയാണെങ്കില്‍ സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയല്ലാതെ എന്തു ചെയ്യണമായിരുന്നു? സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കാന്‍ കാശ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലാതെ ആരുടെയെങ്കിലും പോക്കറ്റില്‍ നിന്നാണോ എടുക്കേണ്ടത്?

"ലാവ്‌ലിന്‍ കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന്‌ 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച്‌ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല".

ഈ ‘പരാമര്‍ശം’ എവിടെയാണ് ഉള്ളത്? സി എ ജി-യുടെ റിപ്പോര്‍ട്ടില്‍ ഉണ്ടോ? (ഞാന്‍ നോക്കിയിട്ട് കണ്ടില്ല!) അതോ സി ബി ഐയുടെ റിപ്പോര്‍ട്ടിലോ? വൈദ്യുതി ബോര്‍ഡിനെസ്സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബോര്‍ഡ് അഥവാ വൈദ്യുതി വകുപ്പ് ആണ്, അത് അവര്‍ ചെയ്തിട്ടുമുണ്ട്. സി ബി ഐയുടെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി വിജയന്‍ നല്‍കേണ്ടത് കോടതിയിലാണ്, അത് ആവശ്യമായ സമയത്ത് നല്‍കുകയും ചെയ്യും.

എല്ലാവരും പലതും അവരുടെതായ രീതിയില്‍ വെളിപ്പെടുത്തും. അറ്റവും മുറിയും മനസ്സിലാക്കി അതിനെ കീറിമുറിച്ചു അവരുടെ ലോ പോയിന്റ്‌ പോക്കാണ് അത് കൊണ്ട് അവര് പോക്കനെന്നൊക്കെ വിളിച്ചുപറയാന്‍ സമയമായോ?

‘അറ്റവും മുറിയും’ മാത്രം വെളിപ്പെടുത്തിയാല്‍പ്പിന്നെ അതിനെയല്ലാതെ വേറെ എന്തിനെപ്പറ്റി പ്രതികരിക്കും? ‘കൊലപാതകം നടന്നു’ എന്നു മാത്രം - കൊല്ലപ്പെട്ടതാര്, കൊന്നത് അഥവാ കൊല്ലിച്ചത് ആര്, എന്തിന് എന്നൊന്നും പറയാതെ - ഉള്ള അവകാശവാദത്തിന് ‘അറ്റവും മുറിയും’ അല്ലാതെ വേറെ എന്താ ഉള്ളത്?

ലാവ്‌ലിന്‍ കേസ് ജനങളുടെ നികുതിപ്പണം ദുര്‍വിനിയോഗം ചെയ്തതിനുള്ളതാണ്. ജോണി ഏന്ത് പറയുന്നു എന്നതിലല്ല.

ലാവലിന്‍ കേസ് അല്ല, ജോണി എന്ന പത്രപ്രവര്‍ത്തകന്‍ എന്തു പറയുന്നു അഥവാ എഴുതുന്നു എന്നതാണ് ഇവിടെ വിഷയം സുഹൃത്തേ...! പത്രലേഖകന്‍ എന്ന നിലയില്‍ ജോണിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ നിന്ന് തീര്‍ത്തും താഴ്ന്ന് വെറും “പരസ്യ ലേഖകന്‍” അഥവാ ‘പി ആര്‍ ഒ’ മാത്രമായിപ്പോകുന്നു എന്ന വിമര്‍ശനമാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം തന്നെ!

എന്തൊക്കെയായാലും അവര്‍ പറഞ്ഞ കഥയും സിബിഐ കേള്‍ക്കെണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് തെളിവില്ലാന്നു സിബിഐ പറയുകയും ഞങ്ങ തരാം തെളിവ് എന്ന് പറഞ്ഞു അവര്‍ വന്നതിനാലും.

‘അവര്‍’ പറഞ്ഞ ‘കഥ’ സി ബി ഐ കേട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഒന്നിലേറെ തവണ ദീപക്കിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തിയിരുന്നു എന്ന് ജോണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. തനിക്കു പറയാനുള്ളത് സി ബി ഐ കേട്ടില്ല എന്ന് ദീപക് പറഞ്ഞിട്ടുമില്ല. അവര്‍ പറഞ്ഞ ‘കഥ’കള്‍ കേട്ട് സി ബി ഐ തന്നെ പറഞ്ഞ കാര്യവും ജോണിയുടെ പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ - ‘ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്.’ എന്ന് സി ബി ഐ പ്രോസിക്യൂട്ടര്‍ തന്നെ കോടതിയില്‍ ബോധിപ്പിച്ചതായി. അഥവാ, “അവര്‍” പറഞ്ഞ “കഥകള്‍” കേട്ടു, കേട്ടത് പലതും അപൂര്‍ണമോ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതോ ആണ് എന്ന്.

ജനശക്തി said...

സൂപ്പര്‍ വിജി!

വാക്കേറുകള്‍ said...

ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി.എ.ജി റിപ്പോര്‍ട്ട് വന്നാല്‍ അതേ പറ്റി അന്വേഷിക്കാന്‍ എന്താ ഇത്ര മടി?
ആ മടീടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാരുമാത്രമല്ല കമ്യൂണിസ്റ്റാരും മോശമല്ല എന്നല്ലെ ഇപ്പോള്‍ സ്പ്ക്ട്രം അഴിമതി സമ്മന്തിച്ച് ജെ.പിസി അന്വേഷണത്തിലും ലാവ്ലിന്‍ കേസില്‍ ഗവര്‍ണ്ണറ്ടെ കാര്യത്തിലും കണ്ടത്.
ഇമ്മക്കൊരു മൊതല് 100 റൂപക്ക് നേരെയാക്കമെങ്കില്‍ അതിന്റെ പണിക്ക് 360 രൂപയ്ക്ക് കോണ്ട്രാക്ട് കൊടുക്കുക്ക. അപ്പോള്‍ അവര്‍ വേറെ ഒരു പരിപാടിക്ക് കാശുതരും എന്ന് പറയുന്നത് എവിടത്തെ ഏര്‍പ്പാടാ?
എന്നാ പിന്നെ ഈ കാശ് നേരിട്ട് വകമാറ്റി ചിലവഴിച്ചാല്‍ പോരെ?

100 രൂപയ്ക്ക് ബള്‍ബ് വാങ്ങുന്നതിനു 360 രൂപയ്ക്ക് ബള്‍ബ് വാങ്ങുക. അപ്പോള്‍ അവര്‍ വാഴക്ക് വളമിടാന്‍ 100 രൂപതരും ഏര്‍പ്പാട് കൊള്ളാം.

ഒരു കാര്യം ചോദിച്ചോട്ടെ പൊളീച്ചെഴുത്ത് ചേട്ടാ. തെര്‍റ്റുണ്ടേല്‍ ക്ഷമിക്കണം ട്ടാ...
രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കരിനു എന്തൊരമന്തമാ? അതിനെ പറ്റി ഇമ്മക്ക് ആവോളം പറയാം. അഴിമതിയുടെ അളവില്‍ വ്യത്യാസമുണ്ടെങ്കിലും കാശിന്റെ കണക്കില്‍ എന്തോ വശപിശകുണ്ടെന്നല്ലെ കേരളത്തിലെ കാര്യത്തില്‍ സി.എ.ജി പറഞ്ഞതും? പറയണംന്നുണ്ട് പക്ഷെ ഇനി ആള്‍ടെ പേരു പറന്ഞ് പുലിവാലുണ്ടാക്കുന്നില്ല. കോണ്‍ഗ്രസ്സരെയും, ഡി.എം.കെയെയും. ബി.ജെ.പികാരെയും പറ്റി നെറ്റില്‍ എന്തും എഴുതാം. മോഡിയെ തെറിവിളിക്കാം.ചിലരെ പറ്റി മീണ്ട്യാല്‍ കേസും കുഴപ്പവുമാകും. ഇമ്മളില്ലേ....

വിജി പിണറായി said...

"ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി.എ.ജി റിപ്പോര്‍ട്ട് വന്നാല്‍ അതേ പറ്റി അന്വേഷിക്കാന്‍ എന്താ ഇത്ര മടി?
ആ മടീടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാരുമാത്രമല്ല കമ്യൂണിസ്റ്റാരും മോശമല്ല എന്നല്ലെ ഇപ്പോള്‍ സ്പ്ക്ട്രം അഴിമതി സമ്മന്തിച്ച് ജെ.പിസി അന്വേഷണത്തിലും ലാവ്ലിന്‍ കേസില്‍ ഗവര്‍ണ്ണറ്ടെ കാര്യത്തിലും കണ്ടത്."


ലാവലിന്‍ കേസില്‍ ആരു ‘മടി’ കാണിച്ചെന്നാ ‘വാക്കുകള്‍ എറിയുന്ന’ ചേട്ടാ? ഇടപാടില്‍ അഴിമതി ഉണ്ടെന്ന് ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തിയതും (2003 മാര്‍ച്ച് 6) സി ബി ഐ അന്വേഷിക്കേണ്ടതില്ല എന്ന് (2006 ഫെബ്രുവരി 7-നു) ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചതും ‘കമ്യൂണിസ്റ്റാര്’ ആയിരുന്നോ? വിജയനോ മറ്റു മന്ത്രിമാര്‍ക്കോ പങ്കുള്ളതായി യാതൊരു സൂചനയും ഇല്ലാതെ വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്തതു ‘കമ്യൂണിസ്റ്റാര്’ പറഞ്ഞിട്ടായിരുന്നോ? വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിജയനെ കുടുക്കാന്‍ പഴുതൊന്നും ഇല്ലെന്നു കണ്ടപ്പോഴല്ലേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് തന്നെ (മാര്‍ച്ച് 1) ഹൈക്കോടതിയില്‍ പറഞ്ഞതിന് വിരുദ്ധമായി സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും തോന്നിയത്? വിജിലന്‍സ് അന്വേഷണം നടത്തിക്കഴിഞ്ഞ കേസില്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ല എന്ന് സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയതും ‘കമ്യൂണിസ്റ്റാര്’ കാരണമായിരുന്നോ? 2007 ജനുവരിയില്‍ തുടങ്ങിയ സി ബി ഐ അന്വേഷണത്തില്‍ 2008 സപ്റ്റംബര്‍ 23 വരെ വെറും 4 പേരെ മാത്രം ചോദ്യം ചെയ്തതിനും കാരണം ‘കമ്യൂണിസ്റ്റാര്’ ആയിരുന്നോ?

ഇമ്മക്കൊരു മൊതല് 100 റൂപക്ക് നേരെയാക്കമെങ്കില്‍ അതിന്റെ പണിക്ക് 360 രൂപയ്ക്ക് കോണ്ട്രാക്ട് കൊടുക്കുക്ക. അപ്പോള്‍ അവര്‍ വേറെ ഒരു പരിപാടിക്ക് കാശുതരും എന്ന് പറയുന്നത് എവിടത്തെ ഏര്‍പ്പാടാ?

അതു ശരി...! അപ്പോള്‍ “360 രൂപയ്ക്ക്” കോണ്‍‌ട്രാക്റ്റ് കൊടുത്ത പണി 100 രൂപയ്ക്ക് ചെയ്യാമായിരുന്നല്ലേ? ഇതെവിടുന്നു കിട്ടിയ വിവരമാ മാഷേ? ഈ വിവരം കിട്ടിയേടത്തു തന്നെ അങ്ങനത്തെ ഏര്‍പ്പാടും കാണുമായിരിക്കും!

‘100 രൂപയ്ക്ക് ബള്‍ബ് വാങ്ങുന്നതിനു 360 രൂപയ്ക്ക് ബള്‍ബ് വാങ്ങുക. അപ്പോള്‍ അവര്‍ വാഴക്ക് വളമിടാന്‍ 100 രൂപതരും’

ദാണ്ടെ പിന്നേം 100-ഉം 360-ഉം... ചുമ്മാ ‘വാക്കെറിഞ്ഞ്’ കളിക്കാതെ...! 100 രൂപയ്ക്ക് വാങ്ങാവുന്ന സാധനത്തിന് 360 രൂപ കൊടുക്കാന്‍ ആരാ പറഞ്ഞത് ചേട്ടാ...? അങ്ങനെ വാങ്ങുന്നതിനു പകരമായി 100 രൂപ തരുമെന്ന് ആരു പറഞ്ഞു?

‘കാശിന്റെ കണക്കില്‍ എന്തോ വശപിശകുണ്ടെന്നല്ലെ കേരളത്തിലെ കാര്യത്തില്‍ സി.എ.ജി പറഞ്ഞതും?’

അതെയതെ...! വശപ്പിശക്...!! ‘1,76,000 കോടി രൂപയുടെ നഷ്ടം’ എന്നു പറഞ്ഞതും 374 കോടി ചെലവാക്കിയതിന് അനുസരിച്ച് നേട്ടം ഉണ്ടായില്ല (‘നഷ്ടം‘ എന്നല്ല!) എന്നു പറഞ്ഞതും ഒരുപോലെ... അല്ലേ...? ഭേഷ്...! നല്ല ഒന്നാന്തരം ‘ഏറ്’ തന്നെ...!

BENCY MOHAN G said...

http://www.asianetnews.tv/news/2248-lavalin-case-cbi-to-submit-report-today

aneesh balan said...

ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....

aneesh balan said...

ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....