Sunday, November 28, 2010

ലാവലിന്‍ - മരിച്ചതാര്.... കൊന്നതാര്....?

ക്രൈം നന്ദ - വീരേന്ദ്ര - ദീപക്  കുമാരന്മാരുടെ പിആര്‍ഒ വേഷം കെട്ടുകയാണോ മാതൃഭൂമി ലേഖകന്‍ കെ. എ. ജോണി എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രസ്തുത ചര്‍ച്ച ഉയര്‍ന്ന ഗൂഗിള്‍ ഗ്രൂപ്പിലും തികഞ്ഞ നിശബ്ദതയാണ്. കെ എ ജോണി പുലര്‍ത്തുന്ന പത്രധര്‍മ്മത്തോട് മുഴങ്ങുന്ന മൗനം കൊണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ മുന്‍നിര ലേഖകന്മാര്‍ ഒരുപാടു പേരുളള ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ആഭിജാത്യ ചര്‍ച്ചാവേദി. ദീപക് കുമാര്‍ എന്ന വാര്‍ത്താ ഉറവിടവുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്നാണ് ജോണി അവിടെ അവകാശപ്പെട്ടത്. എന്നിട്ടും, ആ  കൊലപാതക വെളിപ്പെടുത്തലിന്മേല്‍ ജോണിയുടെ അന്വേഷണ കൗതുകം ചിറകുവീശിപ്പറക്കാത്തതിനു കാരണം ചോദിക്കാന്‍ അവിടെയാര്‍ക്കും നാവു പൊന്തുന്നില്ല.

ഇത്തരമൊരു ദുരൂഹത പണ്ടും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 2007 സെപ്തംബര്‍ 12ന് മലയാള മനോരമയാണ് അത് തുടങ്ങി വെച്ചത്. അന്ന് പത്രത്തിന്റെ  ഉള്‍പേജില്‍ ഒരുകോളം വലിപ്പത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. തലക്കെട്ട് - ലാവലിന്‍ - ബോര്‍ഡ് മുന്‍ചെയര്‍മാന്റെ മരണവും അന്വേഷിച്ചേക്കും.

ഇനി ഫ്ലാഷ് ബാക്കാണ്. ചില തീയതികള്‍ ഒന്നോര്‍ത്തിരിക്കുക. ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്റ്റ് പത്തിന് പിഎസ്‍പി പദ്ധതികളുടെ നവീകരണത്തിനു ധാരണാപത്രം ഒപ്പിടുന്നു. 1995 ഒക്ടോബറില്‍ ലാവലിനുമായി ചര്‍ച്ചകള്‍ക്ക് ജി കാര്‍ത്തികേയനും സംഘവും കാനഡ സന്ദര്‍ശിക്കുന്നു. 1996 ഫെബ്രുവരി 26ന് എസ്എന്‍സി ലാവലിനുമായി അടിസ്ഥാന കരാര്‍ ഒപ്പിടുന്നു. 1997 ഫെബ്രുവരി 10ന് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അനുബന്ധ കരാറുകള്‍. ഈ സമയത്ത് കെഎസ്ഇബിയുടെ ചെയര്‍മാനായിരുന്നു വി രാജഗോപാല്‍. 1998ല്‍ അദ്ദേഹം പദവി ഒഴി‍ഞ്ഞു. 1999 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു.

ഈ മരണമാണ് 2007 സെപ്തംബര്‍ 12ന് വിവാദമാകുന്നത്.

വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്...
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനിടെയാണ് രാജഗോപാലിന്റെ കുറിപ്പുകളും അദ്ദേഹം രേഖപ്പെടുത്തിയ അഭിപ്രായവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ലാവലിന്‍ ഇടപാടിനെക്കുറിച്ച് സര്‍ക്കാരിന്റേതില്‍ നിന്നു ഭിന്നമായ അഭിപ്രായമാണ് അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തിയിരുന്നതത്രേ. അതിനു വ്യക്തമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. സെക്രട്ടേറിയറ്റില്‍ കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത്. മരണത്തിനിടയാക്കിയ പ്രത്യേക സംഭവവികാസം ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നതായി അറിയുന്നു. 
ഇത്രയും കാര്യങ്ങള്‍ എഴുതിയിട്ടും രാജഗോപാല്‍ എന്നാണ് മരിച്ചത് എന്ന വിവരം മാത്രം വാര്‍ത്തയില്‍ ഇല്ല. "അത്രേ", "അറിയുന്നു " തുടങ്ങിയ പ്രയോഗങ്ങളിലാണ് വാര്‍ത്തയിലെ വാക്യങ്ങള്‍ അവസാനിക്കുന്നത്. ച്ചാല്‍ ആര്‍ക്കും വലിയ തിട്ടമൊന്നുമില്ല.

മനോരമ ഒരു കോളത്തില്‍ നട്ടുപിടിപ്പിച്ചത്  പിറ്റേന്ന് മാതൃഭൂമിയില്‍ ആറുകോളം വലിപ്പമുളള ആല്‍മരമായി വളര്‍ന്നു. കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ബോസിനെയും കാതങ്ങള്‍ പിന്നിലാക്കുന്ന ഭാവനാവിലാസവുമായി അഞ്ചാം പേജില്‍ പ്രത്യക്ഷപ്പെട്ടത് തലസ്ഥാനത്തെ മാതൃഭൂമിയുടെ വിശേഷാല്‍ പരുന്ത്, സാക്ഷാല്‍ ജി. ശേഖരന്‍ നായര്‍. തലക്കെട്ട് ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി...

ബഹുവിശേഷമാണ് വാര്‍ത്തയിലെ ഓരോ വാചകവും. എഫ്ഇസിയിലെ പത്രപ്രവര്‍ത്തക പണ്ഡിതന്മാര്‍ ഇതൊന്നു മനസിരുത്തി വായിക്കണം.
ലാവലിന്‍ കരാര്‍ പ്രശ്നത്തില്‍ ആദ്യം വഴങ്ങാതിരുന്ന മുന്‍‍വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വി രാജഗോപാലിനെ മെരുക്കാനായി തമിഴ്നാട്ടില്‍ നെയ്‍വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ വക ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തിയതായി സിബിഐക്കു വിവരം ലഭിച്ചു.
(മെരുക്കല്‍ പണി നടത്താന്‍ ഈ ഗസ്റ്റ് ഹൗസില്‍ പ്രത്യേകയന്ത്രം വല്ലതുമുണ്ടോയെന്ന് ശേഖരന്‍ നായര്‍ക്കു മാത്രമേ അറിയൂ. കാലം കുറേ വൈകിയെങ്കിലും ഈ യന്ത്രത്തിന്റെ ചിത്രം സഹിതം ജോണിയ്ക്ക് വേണമെങ്കില്‍ അടുത്ത എക്സ്ക്ലൂസീവ് പടയ്ക്കാം. ചെന്നൈയിലല്ലേ പണി, നെയ്‍വേലിയിലെ ഗസ്റ്റ് ഹൗസ് തപ്പിപ്പിടിക്കാന്‍ ഏറെ മെനക്കെടേണ്ടി വരില്ല)
രാജഗോപാല്‍ എതിരായിരുന്നുവെങ്കിലും അക്കാലത്തു വൈദ്യുതി ബോര്‍ഡില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന സിദ്ധാര്‍ത്ഥ മേനോനും മാത്യു റോയിയും സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്. തുടര്‍ന്ന് രാഷ്ട്രീയ നേതൃത്വം മൂന്നുപേരെയും കൊണ്ട് നെയ്‍വേലിക്കു പോവുകയായിരുന്നു. 
(എത്ര മനോഹരമായ പ്രയോഗം. രാഷ്ട്രീയ നേതൃത്വം മൂന്നുപേരെയും കൊണ്ടുപോയി പോലും. തലസ്ഥാനത്തെ വലിയ പത്രപ്പുലിയാണെങ്കിലും പിണറായി എന്ന് നേരെ എഴുതാന്‍ ശേഖരന്‍ നായര്‍ക്കു ഭയം).
ഇനിയാണ് ശേഖരണ്ണന്‍ കോട്ടയം പുഷ്പനാഥായി അവതരിക്കുന്നത്. വായിച്ചു കോരിത്തരിക്കിന്‍..
ഇക്കാരണങ്ങളാല്‍  രാജഗോപാലിന്റെ ആകസ്മിക മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ അന്വേഷണ സംഘം.
(1997ല്‍ കരാര്‍. 1998ല്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. 1999ല്‍ മരണം - എന്നിട്ടും തളളിക്കയറ്റിയ പ്രയോഗം കണ്ടില്ലേ... "ആകസ്മിക മരണം")
നെയ്‍വേലിയില്‍ വെച്ച് രാജഗോപാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനോട് വഴങ്ങിയെങ്കിലും തിരിച്ചു വന്ന അദ്ദേഹം സദാസമയവും അസ്വസ്ഥനായിരുന്നു..
(ഹെന്റമ്മേ.... എത്ര കൊല്ലം നീണ്ട "അസ്വസ്ഥത". ഈ രാഷ്ട്രീയ നേതൃത്വം ആളൊരു ഭയങ്കരന്‍ തന്നെ)
ദാ വരുന്നു ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍....
ലാവലിന്‍ ഇടപാടില്‍ കനേഡിയന്‍ കമ്പനിയില്‍ നിന്നു കോഴയായി കിട്ടിയ പണത്തിന്റെ വിശദാംശങ്ങളും അത് നിക്ഷേപിച്ചതെവിടെയാണെന്നുളളതിന്റെ വിവരങ്ങളും സിബിഐക്കു ലഭിച്ചു. 
(മിസ്റ്റര്‍ കെ എ ജോണി, 2007 സെപ്തംബര്‍ 13ന് മാതൃഭൂമി അച്ചടിച്ചു വെച്ച വരികളാണ് ഇവ. ഇതേ പത്രം 2009 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്, കാന്‍സര്‍ സെന്റര്‍ - കോടികള്‍ എങ്ങോട്ടൊഴുകി? എന്നും. "പണം നിക്ഷേപിച്ചതെവിടെയെന്ന വിവരങ്ങള്‍ സിബിഐയ്ക്കു ലഭിച്ചു" എന്നുറപ്പിച്ചു പറഞ്ഞ പത്രം രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍  വായനക്കാരോടു ചോദിക്കുന്നു, കോടികള്‍ എങ്ങോട്ടൊഴുകി എന്ന്... ജേണലിസത്തിലെ മാതൃഭൂമി സ്ക്കൂളിന്റെ നിലവാരം താങ്കളെ ഒന്നോര്‍മ്മിപ്പിച്ചെന്നേയുളളൂ. നമുക്ക് ശേഖരഭാവനയുടെ ആകാശവിതാനത്തിലേക്കു തിരികെ വരാം). വാര്‍ത്തയില്‍ നിന്ന്...
ഇടനിലക്കാരായി നിന്നതും ചര്‍ച്ചകളില്‍ പങ്കെടുത്തതും എസ്എന്‍സി ലാവലിന്റെ മലയാളികളായ രണ്ടുദ്യോഗസ്ഥരാണെങ്കിലും കരാറുണ്ടാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും കോഴ കൈപ്പറ്റിയതും ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണെന്നു തെളിഞ്ഞിട്ടുണ്ട്. 
നോട്ട് ദിസ് പോയിന്റ് യുവര്‍ ഓണര്‍മാര്‍. എന്നിട്ടെവിടെ കുറ്റപത്രത്തില്‍ ചെന്നൈ സ്ഥാപനത്തിന്റെ പേര്...? എവിടെ പ്രതിപ്പട്ടികയില്‍ ചെന്നൈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍..? കളളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഏര്‍പ്പാടും ഈ കമ്പനിക്കുണ്ടെന്ന് സിബിഐയ്ക്കു വിവരം ലഭിച്ചുവെന്ന് ഈ റിപ്പോര്‍ട്ടില്‍ ശേഖരന്‍ നായര്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൊല്ലം മൂന്നു കഴിഞ്ഞില്ലേ. എന്നിട്ട് ആദായനികുതി വകുപ്പിന്റെ ഒരു റെയിഡ്, നടപടി... എന്തേ ഉണ്ടായില്ല...

സെപ്തംബര്‍ 14ന് ശേഖരന്‍ നായര്‍ വീണ്ടും എക്സ്ക്ലൂസീവുമായി രംഗത്തിറങ്ങി. രാജഗോപാലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആലോചനയിലാണ് സിബിഐ സംഘം എന്ന് സെപ്തംബര്‍ 13ന് കൊടുത്ത എക്സ്ക്ലൂസീവിന്റെ ഫോളോ അപ്പ് തൊട്ടുപിറ്റേന്ന്... തലക്കെട്ട്... രാജഗോപാലിന്റെ മരണകാരണവും അന്വേഷിക്കാന്‍ അനുമതി.

അതാണ് ശേഖരന്‍ നായര്‍.. അനുമതിയൊക്കെ ഒപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റ ദിവസമേ വേണ്ടൂ...

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലുണ്ട്. മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കെ എ ജോണി, ഒന്നന്വേഷിക്കുമോ.. 2007 സെപ്തംബറില്‍ മനോരമയും മാതൃഭൂമിയും കൊട്ടിഗ്ഘോഷിച്ച ഈ ദുരൂഹതയുടെ പരിണതിയെന്തെന്ന്...?

എന്തുകൊണ്ട് 2007 സെപ്തംബറില്‍ ഈ വാര്‍ത്തകള്‍ പൊട്ടിയൊഴുകി എന്നല്ലേ... സിപിഎം പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത് ഈ മാസത്തിലാണ്. അപ്പോള്‍ പിണറായി ഒരു കൊലപാതകത്തിനും കൂടി ഉത്തരവാദിയാണെന്ന് മൂന്നുനാലു ദിവസം വന്‍തലക്കെട്ടുകള്‍ സൃഷ്ടിച്ചാല്‍ സമ്മേളനവേദിയില്‍ അതാകുമല്ലോ ചര്‍ച്ച...

കേരളത്തിന്റെ പൊതുരംഗം ശുദ്ധീകരിക്കാന്‍ ചൂലുമായി ചെന്നൈ നഗരത്തില്‍ ഉറക്കമിളിച്ച് അലഞ്ഞു നടക്കുന്ന പ്രിയപ്പെട്ട കെ എ ജോണീ (i think would contribute in some way or other in cleansing the public sphere in kerala),

 ദേശാഭിമാനി സ്ക്കൂളിലെ ജേണലിസം ക്ലാസില്‍ അഭ്യസിക്കാന്‍ താല്‍പര്യമില്ലെന്നു വീമ്പിളക്കിയ  (I have no intention to be indoctrinated in journalism by the desabhimani school) താങ്കളെ മാതൃഭൂമി സ്ക്കൂള്‍ പയറ്റുന്ന രീതികളില്‍ ചിലത് ഓര്‍മ്മിപ്പിക്കുന്നുവെന്നേയുളളൂ. ഈ വിചാരണ ഇവിടെ അവസാനിക്കുന്നില്ല.. നമുക്കു വീണ്ടും കാണാം