Wednesday, April 4, 2012


ആര്‍പ്പേയ്.... ആര്‍. ഹരികുമാര്‍ വന്നേയ്....

മാധ്യമസിന്‍ഡിക്കേറ്റിലെ ബഹുമുഖ പ്രതിഭയാണ് മാതൃഭൂമി തിരുവനന്തപുരം എഡിഷനിലെ ആര്‍. ഹരികുമാര്‍. അതിസമര്‍ത്ഥന്‍. അശ്ലീലദല്ലാള്‍ ക്രൈം നന്ദകുമാറിന്റെ വാസനാവൈഭവവും വ്യവഹാരദല്ലാള്‍ ടി. ജി. നന്ദകുമാറിന്റെ ഉപജാപസാമര്‍ത്ഥ്യവും ഒരുതുളളിയും നഷ്ടപ്പെടുത്താതെ സ്വായത്തമാക്കിയ പ്രതിഭാശാലി. എന്തുമെഴുതും, എങ്ങനെയും വ്യാഖ്യാനിക്കും. ദുര്‍വ്യാഖ്യാനത്തിലാണെങ്കില്‍ രാജേശ്വരീജയശങ്കരന്റെ വല്യപ്പൂപ്പനായിട്ടു വരും. അതിന്റെ അഹങ്കാരമോ, തെല്ലുമില്ലതാനും.

വ്യവസ്ഥാപിതമായ പതിനെട്ടു മുറകളിലും വാര്‍ത്ത വളച്ചൊടിക്കാനുളള അത്യപാരമായ ശേഷി മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അതിനായി തനതായൊരു വിദ്യ വികസിപ്പിച്ചെടുക്കുക കൂടി ചെയ്തു, ഹരികുമാര്‍. ഇന്‍ട്രോയില്‍ പ്രസ്താവിച്ചതിനു കടകവിരുദ്ധമായ വ്യാഖ്യാനം അതേ വാര്‍ത്തയിലെ തുടര്‍ന്നുളള ഖണ്ഡികകളില്‍ സന്നിവേശിപ്പിക്കുന്ന അത്യപൂര്‍വവും അതിസാഹസികവുമായ വിദ്യയാണിത്. പേറ്റന്റിനുളള ആപ്ലിക്കേഷന്‍ വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ റെക്കമെന്റേഷന്‍ ലെറ്ററോടെ അതുടന്‍ ഒബാമയുടെ മേശപ്പുറത്തെത്തും.

ഹരികുമാരിന്റെ വ്യാഖ്യാനവൈഭവം വിശദമാക്കാന്‍ ഒരുദാഹരണം പറയാം. നാണയം മേല്‍പ്പോട്ടെറിയല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഹരികുമാര്‍ നിയോഗിക്കപ്പെട്ടുവെന്നിരിക്കട്ടെ. നാണയത്തിന്റെ തൂക്കം, എറിയുന്നതിന്റെ ശക്തി, എറിയുന്നവന്റെ കുടുംബമഹിമ, പ്രത്യയശാസ്ത്രപാരമ്പര്യം, ഭൂമിയുടെ ഭാരവും എറിയുന്നവന്റെ ഭാരവും തമ്മിലുളള അനുപാതം തുടങ്ങി എല്ലാ ഘടകങ്ങളും വാര്‍ത്തയെഴുതുന്നതിനു മുമ്പ് ഹരികുമാര്‍ അളന്നു തൂക്കി പഠിക്കും. അതിനുശേഷമേ, "എങ്ങനെയെറിഞ്ഞാലും തല തന്നെ വീഴും" എന്നുറപ്പിച്ചു പ്രവചിക്കുന്ന ഇന്‍ട്രോ അദ്ദേഹമെഴുതൂ. തുടര്‍ന്ന് അതിന്റെ വ്യാഖ്യാനങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍.

അങ്ങനെ ഹരം പിടിച്ചു വായിച്ചു വരുമ്പോള്‍ ഹരികുമാര്‍ അതിസമര്‍ത്ഥമായി മറ്റൊരു സാധ്യത ചൂണ്ടിക്കാട്ടും. കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് എറിയുന്നതെങ്കില്‍ വാലു വീഴാനിടയുണ്ട് എന്ന്. വടക്കുകിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകള്‍ക്ക് അഭിമുഖമായി നിന്നെറിഞ്ഞാല്‍ തലയും വാലും വീഴാനുളള സാധ്യത തുല്യമാണെന്നും കൂടി അദ്ദേഹം തുടര്‍ന്നു വിലയിരുത്തും. അങ്ങനെ, സാധാരണ വായനക്കാരന്റെ തലച്ചോറിന് അപ്രാപ്യമായ ഇടങ്ങളിലേയ്ക്ക് വാര്‍ത്തയുടെ മാനങ്ങള്‍ വികസിക്കും.

ഏത് നാണയം മേലോട്ടെറിഞ്ഞാലും തലയോ വാലോ ആയിരിക്കും വീഴുക എന്ന അതിനിഗൂഢമായ സത്യത്തിലേയ്ക്കുളള നിരന്തരവും സാഹസികവുമായ യാത്രകളാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ വേറിട്ട സാന്നിദ്ധ്യമാക്കുന്നത്. തന്റെ യാത്രയുടെ സാഹസികത കണ്ട് വായനക്കാരന്‍ കണ്ണീരൊലിപ്പിക്കുന്നതോ കാറിത്തുപ്പുന്നതോ അദ്ദേഹം കാര്യമാക്കുന്നേയില്ല. ഒരു മടുപ്പുമില്ലാതെ, ലക്ഷ്യത്തില്‍ ഒട്ടുംവെളളം ചേര്‍ക്കാതെ ആ യാത്ര തുടരുന്നു.

ഹരികുമാറിന്റെ പ്രതിഭയും സ്ഥൈര്യവും വെട്ടിത്തിളയ്ക്കുന്ന ഒരു വാര്‍ത്തയിതാ. വിഎസ് പിബിയില്‍ തിരികെയെത്തിയേക്കും. എ കെ പത്മനാഭനും സാധ്യത എന്നു തലക്കെട്ട് (മാതൃഭൂമി - 2012 ഏപ്രില്‍ 4).

"പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തിയേക്കും" എന്ന് ഇന്‍ട്രോ.

ഈ നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന വഴികള്‍ ഹരികുമാര്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വിശദീകരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നത് ഇങ്ങനെയാണ്...

"ഇതാണ് പിബിയിലേയ്ക്കുളള വിഎസിന്റെ മടങ്ങിവരവിന് വഴിയൊരുക്കുന്ന സൂചനകള്‍ ശക്തമാക്കുന്നത്".

അങ്ങനെ നാണയമെറിഞ്ഞാല്‍ തല തന്നെ വീഴും എന്ന സാധ്യത വ്യക്തമായി വായനക്കാര്‍ക്ക് ബോധ്യമായി. പക്ഷേ, എറിയുന്നത് കിഴക്കോട്ടു തിരിഞ്ഞു നിന്നാണെങ്കിലോ...

തൊട്ടടുത്ത ഖണ്ഡിക ഇങ്ങനെ ആരംഭിക്കുന്നു... "അതേസമയം പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെത്തുന്നതിനു മാത്രമായി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രനേതാക്കളെ വിഎസ് അറിയിച്ചിട്ടുണ്ട്."

"അതേസമയം"എന്ന പ്രയോഗത്തിലൂടെ നിന്നനില്‍പ്പില്‍ സമ്മര്‍സാള്‍ട്ടു നടത്തുന്ന ഹരികുമാര്‍വിദ്യയുടെ ചാരുതയെപ്പടി?

തൊട്ടടുത്ത ഖണ്ഡികയിലെ രണ്ടും മൂന്നും വാക്യങ്ങള്‍. ... "തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന വിഎസ് നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിലേയ്ക്കു മടങ്ങുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ വിഎസിന്റെ സാധ്യത വീണ്ടും മങ്ങും."..

"വിഎസ് പിബിയില്‍ തിരിച്ചെത്തിയേക്കു"മെന്ന് തലക്കെട്ടില്‍. "വിഎസിന്റെ സാധ്യത മങ്ങു"മെന്ന് വാര്‍ത്തയില്‍. കിഴക്കോട്ടു തിരിഞ്ഞു നാണയമെറിഞ്ഞാല്‍ വാലു വീഴാനും സാധ്യതയുണ്ട് എന്നു ചുരുക്കം.

ഏഴു ഖണ്ഡികളിലായി ഇരുപത്തിയെട്ടു വാക്യങ്ങളില്‍ ഹരികുമാര്‍ അടിച്ചു പരത്തിയിട്ടിരിക്കുന്ന വാദങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ കാര്യം ഇങ്ങനെ സംഗ്രഹിക്കാം.... പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. നിലവില്‍ പൊളിറ്റ് ബ്യൂറോയിലുളള രണ്ടൊഴിവുകളിലേയ്ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളാരെങ്കിലും വരും. കേന്ദ്രക്കമ്മിറ്റി അംഗങ്ങളല്ലാത്ത ആരും പിബിയിലേയ്ക്ക് വരാന്‍ തെല്ലും സാധ്യതയില്ല. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇക്കുറി പിബിയിലേയ്ക്ക് പരിഗണിക്കില്ല എന്നകാര്യം ഉറപ്പാണ്.

നിര്‍ന്നിമേഷനായി, നിരങ്കുശനായി, നാണവും മാനവും തെല്ലുമില്ലാതെ ഇങ്ങനെ വ്യാഖ്യാനിക്കുന്ന കഴിവാണ് ആര്‍. ഹരികുമാറിനെ മാധ്യമസിന്‍ഡിക്കേറ്റിലെ പ്രധാനിയാക്കുന്നത്. വിഎസ് പിബിയില്‍ എത്താനിടയുണ്ട് എന്ന് ഇന്നും വിഎസ് പിബിയിലെത്താനിടയില്ല എന്നു നാളെയും വ്യാഖ്യാനിക്കുന്ന സാധാരണ സിന്‍ഡിക്കേറ്റ് അടവ് ഹരികുമാറിന് പഥ്യമല്ല. വിഎസ് വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്ന് ഒറ്റവാര്‍ത്തയില്‍ വെട്ടിത്തുറന്നു പറയും. അത്രയ്ക്കുണ്ട് ചങ്കൂറ്റം.

മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെപ്പോലെയാണ് ഹരികുമാറും. വാര്‍ത്തയെഴുതാനും ചോര്‍ത്താനും മറ്റാരും പോകാത്ത വഴികളിലൂടെയൊക്കെ അദ്ദേഹം പോകും. യാത്ര ഏതാണ്ട് ഇങ്ങനെയാണത്രേ.

ഒരുസ്ഥലത്ത് ഒരു വിവരമിരിക്കുന്നു എന്ന് ഹരികുമാര്‍ അറിഞ്ഞുവെന്നിരിക്കട്ടെ. അദ്ദേഹം അര്‍ദ്ധരാത്രി വരെ കാത്തിരിക്കും. നേരെ ഫോണുമെടുത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേയ്ക്കു പോകും. സ്റ്റേഡിയത്തിന്റെ ഒത്തമധ്യത്തു ചെന്നു നിന്ന് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെ നേരിട്ടു വിളിക്കും. കിട്ടിയ വിവരങ്ങള്‍ ഫെഡല്‍ കാസ്രോയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു സ്ഥിരീകരിക്കും. ചൂടാറാതെ പത്രത്തില്‍ തട്ടും.

വിഎസ് അച്യുതാനന്ദന്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നതുപോലെയുളള അതിനിഗൂഢമായ കണ്ടെത്തലുകള്‍ അദ്ദേഹം സംഘടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണത്രേ.

ഏറെക്കാലമായി ആര്‍. ഹരികുമാര്‍ എന്ന ബൈലൈന്‍ മാതൃഭൂമിയില്‍ കണ്ടിട്ട്. ഹരികുമാറിന്റെ തട്ടകമായ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനവും വീരേന്ദ്രകുമാറിന്റെ നെടുങ്കോട്ടയായ കോഴിക്കോട്ട് പാര്‍ട്ടി കോണ്‍ഗ്രസും നടത്താന്‍ തീരുമാനിക്കുക വഴി ഭയങ്കരമായ പ്രകോപനമാണ് സിപിഎം ഉയര്‍ത്തിയത്. എന്നാല്‍, സംസ്ഥാന സമ്മേളനത്തെ സംബന്ധിക്കുന്ന ഹരികുമാര്‍ വിശകലനങ്ങള്‍ മാതൃഭൂമിയില്‍ കാണാഞ്ഞപ്പോള്‍ ഉറവ വറ്റിയെന്നു തിരിച്ചറിഞ്ഞ് വീരേന്ദ്രന്‍ ഹരികുമാറിനെ പിരിച്ചുവിട്ടോ എന്നുപോലും സംശയിച്ചവരുണ്ട്. പക്ഷേ, എല്ലാ കഴിവുകളും കോഴിക്കോട്ടേയ്ക്ക് കാത്തുവെച്ചിരിക്കുകയായിരുന്നു ഹരികുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ അദ്ദേഹം തന്റെ പ്രതിഭ ഊറ്റിപ്പിഴിഞ്ഞൊഴിഞ്ഞ് പത്രത്തിലൊഴിച്ചു.

2004ലെ മലപ്പുറം സമ്മേളനത്തിനുശേഷം ഇത് ഹരികുമാറിന്റെ രണ്ടാം വരവാണ്. തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെയും ഭരത്ചന്ദ്രന്റെയും മടങ്ങിവരവുപോലെ ചീറ്റിപ്പോയ വരവല്ല ഇത്. ചവച്ചു തുപ്പുന്നത് ഉച്ചിഷ്ടമാണോ അമേധ്യമാണോ എന്നു തിരിച്ചറിയാനുളള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും നഷ്ടപ്പെട്ട് സിനിമാ സ്‌ക്രീനില്‍ ചുറ്റിത്തിരിയുകയാണ് ജോസഫ് അലക്‌സും ഭരത്ചന്ദ്രനും. തീപ്പൊരി നായകക്കോലങ്ങളെ വസ്ത്രാക്ഷേപം ചെയ്ത കലികാലത്തിന്റെ വേനല്‍ത്തിളപ്പിന് പക്ഷേ, ആര്‍ ഹരികുമാറിന്റെ വീറും പ്രാഗത്ഭ്യവും ഉളുപ്പില്ലായ്മയും ഉരുക്കിക്കളയാനായിട്ടില്ല. അതാണ് ഹരികുമാര്‍.

ആരാധകരില്‍ ആര്‍പ്പുവിളികളുയര്‍ത്തി ആര്‍. ഹരികുമാര്‍ ഇതാ കോഴിക്കോട്ടെത്തിക്കഴിഞ്ഞു. മഴ പെയ്യാം, പെയ്യാതിരിക്കാം. വിഎസ് വരാം, വരാതിരിക്കാം... കാറ്റു വീശാം, വീശാതിരിക്കാം.... ഒന്നുറപ്പ്... ഹരികുമാര്‍ അറിയാത്തതൊന്നും കോഴിക്കോട്ട് നടക്കുകയില്ല. ചുരുങ്ങിയപക്ഷം വീരേന്ദ്രകുമാറെങ്കിലും അതൊന്നു സമ്മതിച്ചുകൊടുക്കണം...