Thursday, May 10, 2012

ദീപക് ശങ്കരനാരായണന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,
മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ താങ്കളെഴുതിയ കൗതുകകരമായ നിരീക്ഷണത്തോടുളള പ്രതികരണമാണിത്. താങ്കളുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ.
ഇംഗ്ലീഷില്‍ അവന്‍ media worker ആണ്. മാദ്ധ്യമത്തൊഴിലാളി എന്നാണ് മലയാളം വേണ്ടത്. worker എന്നതിന് സാമൂഹ്യമാനങ്ങളുള്ള പ്രവര്‍ത്തകന്‍ എന്ന മലയാളം വാക്ക് ഉപയോഗിക്കുന്നത് തലക്കുചുറ്റും ഒരു വലയം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. "അശാന്തനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍" എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്. അശാന്തനായ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് കേട്ടാല്‍ ചിരിയല്ലേ? ബാക്കീള്ളോരൊക്കെ വെറും തൊഴിലാളികള്‍. ഞങ്ങളെപ്പറ്റി ഞങ്ങള്‍ തന്നെ എഴുതുമ്പോള്‍ പ്രവര്‍ത്തകരെന്നേ എഴുതൂ.

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായിട്ടാണ് പത്രപ്രവര്‍ത്തകരുടെ ആദ്യതലമുറ ഉണ്ടാവുന്നത്. അവരുടെ ആക്റ്റിവിസത്തിന്റെ ഭാഗം മാത്രമായിരുന്നു പത്രവും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും. അതിന്റെ ഹാങ്ങോവറാവണം ഈ മാദ്ധ്യമപ്രവര്‍ത്തനം എന്ന വാക്കും media workersന് സമൂഹം കൊടുക്കുന്ന ബഹുമാന്യതയും. നാലുപാടുനിന്നും കാശുവാങ്ങിച്ച് കൂട്ടിക്കൊടുപ്പുപണി നടത്തുന്ന മലയാള മാദ്ധ്യമപിംപുകളെ പ്രവര്‍ത്തകന്‍ എന്ന് വിശേഷിപ്പിക്കുന്നത് അവരവരുടെ കാരണങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിരവധി യഥാര്‍ത്ഥ പ്രവര്‍ത്തകരെ അപമാനിക്കലാണ്.

ഈ നിരീക്ഷണത്തോടുളള വിയോജിപ്പ് അറിയിക്കാനാണ് ഈ കത്ത്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്കാണല്ലോ താങ്കള്‍ ആലോചനയുടെ ചാലു കീറിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍, 'ജേണലിസം' എന്ന വാക്കിന്റെ തത്തുല്യമായ മലയാള തര്‍ജമ 'പത്രപ്രവര്‍ത്തനം' എന്നാണ്. അതില്‍ നിന്നാണ് പത്രപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഉണ്ടായത്.

ജേണലിസ്റ്റിന്റെ തര്‍ജമ പത്രത്തൊഴിലാളിയെന്നോ മാധ്യമത്തൊഴിലാളിയെന്നോ ആകാത്തത് എന്തുകൊണ്ട് എന്ന സംശയം സംശയം ന്യായവും സ്വാഭാവികവുമാണ്. പക്ഷേ, അവിടെ ജേണലിസത്തെ 'പത്രത്തൊഴില്‍' എന്നു വിവര്‍ത്തനം ചെയ്യാതെ 'പത്രപ്രവര്‍ത്തനം' എന്നു വിവര്‍ത്തനം ചെയ്തവരുടെ ദീര്‍ഘദര്‍ശനത്തെ നാം മാനിക്കേണ്ടി വരും.

മാധ്യമ സ്ഥാപനത്തില്‍ രണ്ടുതരം തൊഴിലുണ്ട്. പത്രപ്രവര്‍ത്തനം എന്ന് താങ്കള്‍ ആക്ഷേപിക്കുന്ന തൊഴില്‍ അതിലൊന്നാണ്. മറ്റൊന്ന്, അച്ചു നിരത്തല്‍, പ്രൂഫു നോക്കല്‍ തുടങ്ങിയ തൊഴിലുകളും.

ആദ്യം പറഞ്ഞ ജോലി ചെയ്യുന്നവരെ തൊഴിലാളികള്‍ എന്നു സംബോധന ചെയ്താല്‍ രണ്ടാമത്തെ വിഭാഗത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇതു രണ്ടുതരം തൊഴിലുകളാണെന്ന് ഞങ്ങള്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ.

മാധ്യമത്തൊഴിലാളി എന്നു പറഞ്ഞാല്‍ മാധ്യമസ്ഥാപനത്തില്‍ പ്രൂഫു നോക്കുകയോ അച്ചുനിരത്തുകയോ ഒക്കെ ചെയ്യുന്ന ആള്‍ എന്ന അര്‍ത്ഥമേ വരൂ. വാര്‍ത്താ റിപ്പോര്‍ട്ടിംഗും വിശകലനവുമൊക്കെ മറ്റൊരു നിലവാരത്തിലുളളതാണ്. അതിന് വേറൊരു വൈദഗ്ധ്യം വേണം. രണ്ടുവിഭാഗത്തെയും വേര്‍തിരിച്ചറിയാന്‍ വ്യത്യസ്തമായ പ്രയോഗങ്ങള്‍ കൂടിയേ തീരൂ.

ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് എന്ന ലേഖനം താങ്കള്‍ വായിച്ചിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്കറിയില്ല.

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ടു മനോരമ പ്രസിദ്ധീകരിച്ചതാണ് സുജിത് നായരുടെ ലേഖനം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ ജാതി തിരിച്ച് വകുപ്പു വീതം വെച്ച ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നല്ലോ. കോണ്‍ഗ്രസുകാര്‍ക്കോ യുഡിഎഫുകാര്‍ക്കോ ദഹിക്കുന്നതായിരുന്നില്ല ആ നടപടി. നാടൊട്ടുക്ക് അക്രമവും പോര്‍വിളിയും നടന്നു. അതിനെക്കുറിച്ചാണ് "ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്" എന്നു സുജിത് നായര്‍ മനോരമയില്‍ വെച്ചുകാച്ചിയത്.

ആശയലോകത്തു നടക്കുന്ന ഒരു കൂട്ടിക്കൊടുപ്പാണിത്. അതിന് അതിന്റേതായ വൈദഗ്ധ്യം ആവശ്യമുണ്ട്. ആ പണിയെടുക്കുന്നവനെ മാധ്യമത്തൊഴിലാളി എന്നു വിളിക്കുമ്പോള്‍ നിങ്ങള്‍ വെല്ലുവിളിക്കുന്നത് അച്ചുനിരത്തുകയും പ്രൂഫ് നോക്കുകയും ചെയ്യുന്നവന്റെ ആത്മാഭിമാനത്തെയാണ്.

മാധ്യമ സ്ഥാപനത്തിലെ തൊഴിലുകള്‍ തമ്മിലുളള ഈ വ്യത്യാസം നാം മനസിലാക്കണം. തീര്‍ത്തും വ്യത്യസ്തമായ തൊഴിലുകളെ അത്തരത്തില്‍ നിര്‍വചിച്ചുതന്നെ മനസിലാക്കണം.

ഉദാഹരണത്തിന് മനോരമയിലേയ്ക്ക് കമ്പോസിംഗിന് ഒരാളെ നിയമിക്കുന്നുവെന്ന് വെയ്ക്കുക. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു തൊഴിലാണത്. അതു ചെയ്യാനാണ് ആ തൊഴിലാളിയെ നിയമിക്കുന്നത്.

പക്ഷേ, ജേണലിസ്റ്റിന്റെ കാര്യം വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടിയ്ക്ക് സമയാസമയം എണ്ണ തേച്ച് ഉഴിഞ്ഞു കൊടുക്കുകയാണ് സുജിത് നായരുടെ ജോലിയെന്ന് അദ്ദേഹത്തിന്റെ ഓഫര്‍ ലെറ്ററിലോ അപ്പോയിന്‍മെന്റ് ഓര്‍ഡറിലോ മനോരമ നിര്‍വചിച്ചിട്ടുണ്ടാകില്ല. അതൊരു ഇംപ്ലൈഡ് ജോലിയാണ്. അലിഖിതമായി നിര്‍വചിക്കപ്പെട്ട തൊഴില്‍ ചെയ്യുന്നതിനാണ് ഭാവനയും സാമര്‍ത്ഥ്യവും ഉപയോഗിക്കേണ്ടത്. മുതലാളി കാര്യം തുറന്നു പറയില്ല. തൊഴിലാളിയ്ക്കത് തുറന്നു ചോദിച്ച് മനസിലാക്കേണ്ട ആവശ്യവുമില്ല.

മനോരമയില്‍ പ്രൂഫു നോക്കുന്നവനും അച്ചുനിരത്തുന്നവനുമൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എണ്ണയിടേണ്ട ചുമതലയില്ല. ജേണലിസ്റ്റിന് അതുണ്ടു താനും. ഇരുകൂട്ടരെയും തൊഴിലാളികള്‍ എന്ന ഒറ്റ പരികല്‍പനയ്ക്കുളളില്‍ ഒതുക്കാനാവില്ല. അതില്‍ രാഷ്ട്രീയമായ ശരികേടുണ്ട്.

കാരണം, തൊഴിലാളി എന്ന പദത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുളള കരുവാളിപ്പുണ്ട്. അടിമത്ത കാലഘട്ടം മുതലുളള അധ്വാനത്തിന്റെ തഴമ്പു വീണ പദമാണത്. ചെറുത്തുനില്‍പ്പെന്നും പോരാട്ടമെന്നും അതിനര്‍ത്ഥമുണ്ട്.

ജേണലിസ്റ്റ് എന്ന പദത്തിന് ഇതൊന്നുമവകാശപ്പെടാനാവില്ല. അടിമത്തം മുതല്‍ ഇന്നോളമുളള എല്ലാ ആധിപത്യവ്യവസ്ഥകളും ഉല്‍പാദിച്ച പൊതുബോധത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പടയാളിയാണവന്‍. അധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനുമേല്‍ ആശയക്കുഴപ്പം വര്‍ഷിച്ച്, പോരാട്ടഭൂമിയില്‍ അവനെ നിസ്‌തേജനാക്കുകയാണ് ഈ പടയാളിയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല. നുണകള്‍ നിര്‍മ്മിക്കും. ദുര്‍വ്യാഖ്യാനങ്ങള്‍ പടയ്ക്കും. ഒപ്പം അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആളായി നിന്നും അവന്‍ കൂട്ടിക്കൊടുക്കും. വീര്‍ സാംഗ്‌വിയുടെയും ബര്‍ക്കാ ദത്തിന്റെയും കഥകള്‍ അതാണ് പറഞ്ഞു തരുന്നത്.

അതിനാല്‍ ജേണലിസ്റ്റിനെ മാധ്യമത്തൊഴിലാളി എന്നു പരാവര്‍ത്തനം ചെയ്യുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, അങ്ങനെ വിശേഷിപ്പിച്ചു കാണാത്തതില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന രോഷം യഥാര്‍ത്ഥത്തില്‍ തൊഴിലാളിയെ അപമാനിക്കുന്നതുമാണ്. ജേണലിസ്റ്റിനു ചേരുന്ന പരാവര്‍ത്തനം മാധ്യമപ്രവര്‍ത്തകന്‍ എന്നു തന്നെയാണ്. കാരണം, പലതരം പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിര്‍വഹണവും സൂത്രധാരത്വവും അവന്‍ വഹിക്കുന്നുണ്ട്.

അവയോരോന്നായി പൊളിച്ചെഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് കത്തു ചുരുക്കുന്നു.

സ്‌നേഹപൂര്‍വം,
പൊളിച്ചെഴുത്ത് ടീം.

Monday, May 7, 2012

ആ ചിതയിലെ ചാമ്പല്‍ തിന്നുന്നതാര്?

ടി. പി. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതിനു മുമ്പേ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ പിടലിയ്ക്കു വെച്ചു കഴിഞ്ഞു. കൊലയാളികളുടെ പേരുകളും കൊന്നത് എന്തിനെന്നും സവിസ്തരം വിശദീകരിക്കപ്പെട്ടു.

എന്തിന് സിപിഎം ചന്ദ്രശേഖരനെ കൊല്ലണം? ആ ചോദ്യത്തിന് പത്രങ്ങളിലെയും ചാനലുകളിലെയും ഭാവനാശാലികള്‍ പ്രചരിപ്പിക്കുന്ന ഉത്തരത്തിന് ഉള്‍ബലം പോര. ചന്ദ്രശേഖരനു പിന്നാലെ ഒഞ്ചിയത്തെ സിപിഎം ഒലിച്ചുപോയതിലുളള പകയാണത്രേ, ഈ കൊലപാതകം. ആ സിദ്ധാന്തത്തിനു തല കുലുക്കുന്നതിനു മുമ്പ്, ഒഞ്ചിയത്തെ സിപിഎം അങ്ങനെ ഒലിച്ചു പോയോ എന്നു പരിശോധിക്കേണ്ടേ.

നമുക്ക് സഖാവ് പുതിയേടത്ത് ജയരാജനില്‍ നിന്ന് സഖാവ് എന്‍ വേണുവിലേയ്ക്കുളള ദൂരമളക്കാം. ഒഞ്ചിയത്തും പരിസരത്തും നടക്കുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പരീക്ഷണത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമൊക്കെ അതിനിടയിലുണ്ട്.  ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റാണ് സഖാവ് ജയരാജന്‍. മത്സരിച്ചു വിജയിച്ചത് വളളിക്കുളങ്ങര വാര്‍ഡില്‍. കിട്ടിയത് 525 വോട്ട്. എതിര്‍സ്ഥാനാര്‍ത്ഥി സിപിഐയുടെ എം പി രാഘവനു കിട്ടിയത് 261 വോട്ട്. സഖാവ് ജയരാജന്റെ ഭൂരിപക്ഷം 264.

വടകര നിയമസഭാ മണ്ഡലത്തിലെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു സഖാവ് എന്‍ വേണു. സിപിഎമ്മിലായിരുന്ന കാലത്ത് ഏറാമല പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമൊക്കെയായിരുന്നു അദ്ദേഹം. വടകരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 10098 വോട്ടുകള്‍. പക്ഷേ, അവിടെ ജയം എല്‍ഡിഎഫിനായിരുന്നു. ജനതാദളിലെ സി കെ നാണു 847 വോട്ടിന്റെ തീരെച്ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

എല്‍ഡിഎഫ് കിട്ടേണ്ടിയിരുന്ന വോട്ടുകളാണല്ലോ വേണുവിന് ലഭിച്ചത്. അങ്ങനെയൊരു പതിനായിരം വോട്ടു കവര്‍ന്നിട്ടും വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടില്ല. ആ യാഥാര്‍ത്ഥ്യം ആരെയാണ് വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിരിക്കുക.

ആ ചോദ്യത്തിന് ഉത്തരം തേടുംമുമ്പ് നമുക്ക് ഒഞ്ചിയം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാം. സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ച് ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരമേറിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആ വിജയം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു.

കണക്കു പരിശോധനയില്‍ ആ യാഥാര്‍ത്ഥ്യം വ്യക്തമാകും. 2005ല്‍ ഒഞ്ചിയത്ത് പതിനാറ് സീറ്റും 9128 വോട്ടുമാണ് സിപിഎം നേടിയത്. 2010ല്‍ അത് അഞ്ചു സീറ്റും 6632 വോട്ടുമായി കുറഞ്ഞു. സിപിഎമ്മിന് നഷ്ടപ്പെട്ടത് 2496 വോട്ടുകള്‍.

അതേ സമയം യുഡിഎഫോ? 2005ല്‍ എല്ലാ വാര്‍ഡുകളിലും യുഡിഎഫ് മത്സരിച്ചിരുന്നു. ഒരു സീറ്റിലേ ജയിച്ചുളളൂവെങ്കിലും 5341 വോട്ടുകളും നേടി. ഈ വോട്ട് 2010ല്‍ 2796 ആയി ഇടിഞ്ഞു. പതിനൊന്നു വാര്‍ഡുകളില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. അതില്‍ എട്ടുവാര്‍ഡുകളിലാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയിച്ചത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേടിയ 6293 വോട്ടുകളില്‍ സിപിഎമ്മിന്റെ വിഹിതത്തേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് വിഹിതമാണ് എന്നര്‍ത്ഥം. ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഫലം, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥശക്തി വെളിപ്പെട്ടു.

നമുക്ക് സഖാവ് പുതിയേടത്തു ജയരാജന്റെ വാര്‍ഡിലേയ്ക്കു പോകാം. വടകര മണ്ഡലത്തിലെ 57, 58 ബൂത്തുകളിലാണ് ഈ വാര്‍ഡ് ഉള്‍പ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത്തേഴാം ബൂത്തിലെ വോട്ടു കണക്ക് ഇങ്ങനെ: സി. കെ. നാണു - 379, എം. കെ. പ്രേമനാഥ് - 254, എന്‍. വേണു - 127.

ബൂത്ത് അമ്പത്തെട്ടില്‍ സി. കെ. നാണു - 414, എം. കെ. പ്രേമനാഥ് - 230, എന്‍. വേണു - 165.

പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമായി വെറും ഒരുവര്‍ഷത്തെ വ്യത്യാസം പോലുമില്ല. സഖാവ് പുതിയേടത്തു ജയരാജന് കിട്ടിയ 525 വോട്ടുകള്‍ നേര്‍പകുതിയും കടന്ന് താഴെപ്പോയി.

നിയമസഭാ സ്ഥാനാര്‍ത്ഥിയായ സഖാവ് വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ലഭിച്ച ആകെ വോട്ടുകളുടെ കണക്കും ഇതു ശരിവെയ്ക്കുന്നു. വടകര മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു വീണത്. അവിടെ സി. കെ. നാണു നേടിയത് 7125 വോട്ടുകള്‍. പ്രേമനാഥിന് 4677, വേണുവിന് 2959.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ 6293 വോട്ടുകള്‍ നേടിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 2959 വോട്ടുകള്‍. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്‍കിയ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് 2796ല്‍ നിന്ന് 4677 ആയി ഉയര്‍ന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് നേരിയ വോട്ടുവര്‍ദ്ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് വന്‍വര്‍ദ്ധനയുണ്ടായി. പക്ഷേ, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുവിഹിതം പകുതിയോളം കുറഞ്ഞു.

ഒഞ്ചിയത്തിന്റെ ഈ രണ്ടുജനവിധികളിലെയും രാഷ്ട്രീയസൂചന ഇങ്ങനെ ആറ്റിക്കുറുക്കാം: വലതുപക്ഷത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ സിപിഎമ്മില്‍ നിന്ന് വിഘടിച്ചു പോകുന്നവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും നിലനില്‍പ്പു സാധ്യമല്ല; സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അടിത്തറ ഉലയ്ക്കാനുളള കരുത്തും ഒഞ്ചിയം, ഏറാമല മാര്‍ക്‌സിസത്തിനില്ല. ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ല. ഒറ്റയ്ക്കു നില്‍ക്കുന്ന റവല്യൂഷണറിക്കാരെ എല്‍ഡിഎഫ് തലനാരിഴയ്ക്കാണെങ്കിലും അതിജീവിക്കുകയും ചെയ്തു.

വടകരയ്ക്കു പുറമെ ബേപ്പൂരും ഇടതുപക്ഷ ഏകോപന സമിതി കം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിച്ചു. അവരുടെ സൈദ്ധാന്തികന്‍ കെ. എസ്. ഹരിഹരനായിരുന്നു അവിടെ സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന് ആകെ കിട്ടിയത് 564 വോട്ട്. 139 ബൂത്തുളളതില്‍ ആറെണ്ണത്തില്‍ മാത്രമാണ് അദ്ദേഹം രണ്ടക്കം കടന്നത്. 24-ാം ബൂത്തില്‍ കിട്ടിയ 25 വോട്ടാണ് അദ്ദേഹത്തിന് ഒരു ബൂത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം.

വടകരയൊഴിച്ച് കോഴിക്കോട് ജില്ലയിലെങ്ങും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു റോളും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നില്ല. ജില്ലയില്‍ ആകെയുളള പതിമൂന്ന് സീറ്റില്‍ പത്തിലും എല്‍ഡിഎഫ് വിജയിച്ചു. മൂന്നു സീറ്റ് മുസ്ലിംലീഗിന്. കോണ്‍ഗ്രസ് സമ്പൂര്‍ണമായി തൂത്തെറിയപ്പെട്ടു.

ടി. പി. ചന്ദ്രശേഖരന്‍ എന്ന നേതാവിന്റെ വളര്‍ച്ചയെ സിപിഎം ഭയപ്പെട്ടിരുന്നു എന്ന വിലയിരുത്തലുകള്‍ക്ക് എന്തടിസ്ഥാനമുണ്ടെന്ന് ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നാം പരിശോധിക്കേണ്ടത്. ടി. പി. ചന്ദ്രശേഖരന്റെ വധം ആരുടെ ആവശ്യമായിരുന്നു എന്നും അപ്പോഴാണ് നമുക്കു ബോധ്യപ്പെടുന്നത്. റവല്യൂഷണറിക്കാര്‍ ഒറ്റയ്ക്കു നിന്നാല്‍ അവര്‍ക്കു മാത്രമാണ് പ്രയോജനമെന്നും നിര്‍ണായകസമയത്ത് തങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടണമെന്നില്ലെന്നും യുഡിഎഫിനെ ബോധ്യപ്പെടുത്തുകയായിരുന്നു വടകര. ഒഞ്ചിയം പഞ്ചായത്തില്‍ റവല്യൂഷണറിക്കാര്‍ക്ക് യുഡിഎഫ് നല്‍കിയ സഹായം വടകര മണ്ഡലത്തില്‍ തിരിച്ചു ചെയ്തിരുന്നുവെങ്കില്‍ സി കെ നാണുവിനു പകരം എം. കെ പ്രേമനാഥ് നിയമസഭയിലെത്തുമായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭയില്‍ യുഡിഎഫുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ട എം ആര്‍ മുരളിയെ ഇടതു ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കിയത് ഓര്‍ക്കുക. എം ആര്‍ മുരളിയും ഏറ്റവുമൊടുവില്‍ സെല്‍വരാജും മുറുമുറുപ്പൊന്നും കൂടാതെ യുഡിഎഫ് കൂടാരത്തില്‍ ചേക്കേറി. അപ്പോഴും റവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അണികള്‍ അതിനു തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസിന്റെ സഹായം കൈപ്പറ്റാന്‍ കാണിച്ച ഉത്സാഹം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വടകരയില്‍ തിരിച്ചു നല്‍കിയില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അതിനുളള കെല്‍പ്പും റവല്യൂഷണറി പാര്‍ട്ടിക്ക് ഇല്ലതാനും.

ചന്ദ്രശേഖരന്റെ കൊലപാതക വാര്‍ത്ത പുറംലോകമറിഞ്ഞ് സെക്കന്റുകള്‍ക്കുളളില്‍ ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയത് സാക്ഷാല്‍ എം ആര്‍ മുരളിയാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎമ്മാണെന്ന കാര്യത്തില്‍ ഒരു സംശയവും മുരളിയ്ക്കുണ്ടായിരുന്നില്ല. ചന്ദ്രശേഖരന്‍ സെക്രട്ടറിയായിരുന്ന ഇടത് ഏകോപന സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് യുഡിഎഫുമായി സഹകരിച്ചതിനാണ് മുരളിയെ പുറത്താക്കിയത് എന്ന് പത്രസമ്മേളനം നടത്തി പുറംലോകത്തെ അറിയിച്ചതും ടി. പി. ചന്ദ്രശേഖരന്‍ തന്നെയായിരുന്നു.

എം ആര്‍ മുരളിയെയോ ശെല്‍വരാജിനെയോ പോലെ അത്രയെളുപ്പം യുഡിഎഫിന്റെ സില്‍ബന്ധികളാകാന്‍ ടി. പി. ചന്ദ്രശേഖരനും ഒഞ്ചിയം ഏറാമല നിവാസികള്‍ക്കും കഴിയില്ല. ആ മണ്ണിന്റെ വിപ്ലവബോധത്തെ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെത്തിക്കുക എളുപ്പമല്ല. കലര്‍പ്പറ്റ കോണ്‍ഗ്രസ് വിരോധമാണ് ആ പാരമ്പര്യം. സഖാവ് മണ്ടോടി കണ്ണനിലാണ് അതു തുടങ്ങുന്നത്. സ്വന്തം ജയത്തിന് അവര്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനെ ഉപയോഗിച്ചിരുന്നിരിക്കാം. പക്ഷേ, കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കാനും പ്രചരണത്തിനിറങ്ങാനും അവര്‍ക്കു കഴിയില്ല.

ആ പ്രതിബന്ധം തകരണമെങ്കില്‍, മണ്ടോടി കണ്ണന്റെ അന്ത്യനിമിഷങ്ങള്‍ക്കു പകരം വെയ്ക്കാന്‍ കഴിയുന്ന, വൈകാരികതയുടെ വെടിമരുന്നു പുകയുന്ന ഒരു സംഭവം വേണം. സിപിഎം വിരോധത്തെ തലമുറകളിലേയ്ക്ക് കത്തിപ്പടര്‍ത്താന്‍ ശേഷിയുളള ഒന്ന്. തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെട്ടിവികൃതമാക്കിയ ടി പി ചന്ദ്രശേഖരന്റെ മുഖം അതിനുളള ഒന്നാന്തരം ഉപാധിയാണ്.

മലബാറിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ അതിസൂക്ഷ്മമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനിവാര്യമാക്കിയ സംഭവമല്ല, ചന്ദ്രശേഖരന്‍ വധമെന്ന് ആര്‍ക്കു പറയാന്‍ കഴിയും?