Tuesday, October 21, 2014

എരുമക്കുഴി*യില്‍ വളര്‍ന്ന ഗീബല്‍സിന്‍റെ ബീജം

മന്ദാരത്തിന്‍റെ ഇലകളും പനമ്പട്ടകളില്‍ ദൈവസാന്ദ്രമായി വീശുന്ന കാറ്റും വെളളായിയപ്പന്‍റെ പൊതിച്ചോറുമൊക്കെ വായനാക്കമ്പം തലയ്ക്കു പിടിച്ച പല മലയാളികള്‍ക്കും സ്നേഹനിധിയും വാത്സ്യല്യവാനുമായ  പിതാവിന്‍റെ പ്രതീകങ്ങളാണ്. അതേ മലയാളികളുടെ മുന്നിലാണ് മനോരമയും വന്നു വീഴുന്നത്. അതിലെ പല വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ പലര്‍ക്കും ഇങ്ങനെയൊരു സംശയമുണ്ടത്രേ. "ഇതൊക്കെ എഴുതുന്നവരുടെ വൈ ക്രോമസോം സാക്ഷാല്‍ ജോസഫ് ഗീബല്‍സിന്‍റെ രസീതില്ലാ സംഭാവനയാണോ?"  പനമ്പട്ടകളും തോറ്റുപോകുന്ന തൊലിക്കട്ടിയെ രാസപരീക്ഷണത്തിനു വിധേയമാക്കിയാല്‍ പ്രേതാത്മാക്കളുടെ സന്താനോത്പാദനശേഷിയ്ക്ക് തര്‍ക്കമറ്റ തെളിവാകും. വൈദ്യശാസ്ത്രത്തിനു നോബല്‍ നോറ്റിരിക്കുന്നവര്‍ക്ക് ഒരു കൈ നോക്കാവുന്ന മേഖലയാണിത്.

തൊലിയുടെ സാമ്പിള്‍ വേണമെന്നുളളവര്‍ തിരുവനന്തപുരത്തേയ്ക്കു വണ്ടി കയറുക. അവിടെ മെട്രോ മനോരമ അടക്കി വാഴുന്ന ഒരു ലേഖകനുണ്ട്. രഞ്ജിത്തെന്നോ മറ്റോ ആണത്രേ ടിയാന്‍റെ പേര്. പേരിലെന്തിരിക്കുന്നു, തൊലിയിലല്ലേ കാര്യം. ആള്‍ ഒരൊന്നന്നര മുതലാണ്. നുണ പറയാനും എഴുതാനും ആവര്‍ത്തിക്കാനുമുളള കഴിവ് മാത്രമല്ല ക്വാളിഫിക്കേഷന്‍. നഗരത്തില്‍ നിന്ന് കുപ്പക്കൂനകളും മാലിന്യക്കൂമ്പാരങ്ങളും ഒഴിഞ്ഞുപോകുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന വല്ലാത്ത സങ്കടവും ആശങ്കയും ഗദ്ഗദവും നാം സംശയിക്കും,
"എരുമക്കുഴിയായിരുന്നോ ഇദ്ദേഹം പിറന്നുവീണ എസ്എടി ആശുപത്രി?"


സംശയമുളളവര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിലെ തിരുവനന്തപുരം മെട്രോ മനോരമയെടുക്കുക.
സിപിഎമ്മിന്‍റെ കര്‍മ്മപദ്ധതി തലകുലുക്കി സമ്മതിച്ച് യുഡിഎഫും ബിജെപിയും എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്തയുണ്ട്. അതിന്‍റെ അവസാനഭാഗം ഇങ്ങനെയാണ്..
സിപിഎം രൂപീകരിച്ച കര്‍മ്മപരിപാടിയ്ക്ക് സര്‍വകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തിലൂടെ സാധിച്ചു. കര്‍മ്മപരിപാടിയിലൂടെ നഗരം വൃത്തിയായാല്‍ ക്രെഡിറ്റ് സിപിഎമ്മിനു മാത്രമായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും മറ്റുളളവര്‍ക്കായില്ല.
മാറുന്ന മനസുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പേരില്‍ പുസ്തകമെഴുതിയ തോമസ് ഐസക്കിനെ ഞെട്ടിച്ചിരിക്കണം, ഈ വ്യാഖ്യാനം. മനസു മാറിയാലും തെരുവില്‍ നിന്ന് മാലിന്യമകന്നാലും കേരളം രക്ഷപെടില്ലെന്ന് അദ്ദേഹത്തിനും കൂടെയുളളവര്‍ക്കും ബോധ്യമായി. നാട്ടില്‍ മനോരമയും അതിലെഴുതാന്‍ ഇതുപോലെ എരുമക്കുഴിയില്‍ പിറന്ന ഗീബല്‍സിന്‍റെ സന്തതികളുമുണ്ടെങ്കില്‍ മനസുകളില്‍ മാലിന്യം നിറഞ്ഞുകൊണ്ടേയിരിക്കും.

രഞ്ജിത്തിന്‍റെ ഉപദേശം ഏശിയില്ല. മനോരമ തുറന്നുവിട്ട വിഷപ്പുക ശ്വസിച്ച് കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും നഗരശുചീകരണ പരിപാടിയില്‍ നിന്നു പിന്മാറിയില്ല. എല്ലാവരുടെയും പിന്തുണയോടെ കോര്‍പറേഷന്‍ മുന്നോട്ടു പോയി. ഒക്ടോബര്‍ പതിനാലിന് കരമന ദേശീയപാതയുടെ വശത്ത് പ്രിയം എയ്റോ ബിന്‍  എന്നൊരു മാലിന്യസംസ്ക്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആ സ്ഥലത്തിന്‍റെ പഴയ അവസ്ഥ കണ്ടാല്‍ ആരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു പോകുന്ന നീക്കം. (ഫോട്ടോ കാണുക).

പക്ഷേ, മനോരമയിലെ മാലിന്യോപാസകന് സംഗതി തീരെ ഇഷ്ടപ്പെട്ടില്ല. വന്‍ ഉദ്ഘാടന മാമാങ്കം മാലിന്യവുമായി ജനം ചെന്നപ്പോള്‍ പൂട്ടിയ നിലയില്‍ എന്ന തലക്കെട്ടില്‍ ഒരുഗ്രന്‍ ഐറ്റവുമായി ഒക്ടോബര്‍ പതിനാറിന് മെട്രോ മനോരമ പുറത്തിറങ്ങി. 

മനോരമയുടെ ഈ കളളക്കളി തോമസ് ഐസക് കൈയോടെ പിടിച്ചു. വാര്‍ത്ത നുണയാണെന്ന് അദ്ദേഹം തെളിവു സഹിതം ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ക്കരണ കേന്ദ്രം അടഞ്ഞു കിടന്നുവെന്ന് മനോരമ പറയുന്ന സമയത്ത് താന്‍ കേന്ദ്രത്തിലുണ്ടായിരുന്നുവെന്നും ജനം നിക്ഷേപിച്ച മാലിന്യം താന്‍ ചെന്നപ്പോള്‍ ബിന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കിലെഴുതി. കൂട്ടത്തില്‍ മനോരമയുടെ നുണ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആ കുറിപ്പില്‍ നിന്ന്...
വാര്‍ത്ത സത്യമല്ലെന്ന് വാര്‍ത്തയ്ക്കൊപ്പമുളള ചിത്രം തന്നെയാണ് തെളിവ്. മാലിന്യകേന്ദ്രം തുറക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ജനം, കാത്തു നിന്ന് മടുത്തശേഷം കൊണ്ടുവന്ന മാലിന്യം യൂണിറ്റിനു മുന്നില്‍ ഉപേക്ഷിച്ചു മടങ്ങിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പക്ഷേ, ജനം നിക്ഷേപിച്ച മാലിന്യമൊന്നും ചിത്രത്തില്‍ കാണുന്നേയില്ല. ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍ കിടക്കുന്ന ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല. അതില്‍ നിന്നറിയാം, ഈ വാര്‍ത്തയും സത്യവും തമ്മില്‍ എത്ര ബന്ധമുണ്ടെന്ന്... 
ബിന്‍ പൂട്ടിക്കിടന്ന ഏതോ സമയത്തു ചെന്ന് ഒരു ഫോട്ടോയുമെടുത്ത് വാര്‍ത്ത പടയ്ക്കുകയായിരുന്നു മെട്രോ മനോരമ. നുണയെഴുതാനും പ്രചരിപ്പിക്കാനും ഇരുപത്തിനാലു മണിക്കൂറും മനോരമയിലെ ജീവനക്കാര്‍ ഉണര്‍ന്നിരിക്കുന്നു എന്നതു നേര്. അതുപോലെയല്ലല്ലോ ഒരു സര്‍ക്കാര്‍ സംവിധാനം. അവിടെ ജീവനക്കാര്‍ക്ക് വിശ്രമവും മറ്റുമുണ്ട്.സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപളളി സുരേന്ദ്രനും ഫേസ് ബുക്കു വഴി മനോരമയ്ക്ക് കണക്കിനു കൊടുത്തു. മാര്‍ക്സിസ്റ്റ് വിരോധത്തിന്‍റെ പേരില്‍ ഇത്രമാത്രം തരംതാഴാമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. കടകംപളളി ഇത്രയും കൂടി പറഞ്ഞു.
മാർക്സിസ്റ്റ് വിരോധത്താൽ അന്ധത ബാധിച്ച മനോരമയ്ക്ക് ഈ മഹത്തായ ജനകീയ പ്രസ്ഥാനത്തെ ഈ നിലയിലെ ദുഷ്പ്രചരണത്തിലൂടെ തകർക്കാനാകില്ല. മനോരമയെ ജനങ്ങൾ തിരിച്ചറിയുകയാണ്. ആർക്കെങ്കിലും എന്തെങ്കിലും സംശയം ഈ പത്രത്തെ സംബന്ധിച്ച് ഉണ്ടായിരുന്നെങ്കിൽ അതും ഇല്ലാതായിരിക്കുന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. ഈ വൃത്തികെട്ട നിലപാടിൽ നിന്നും മനോരമ പിൻമാറുമെന്ന് നമുക്ക് ആശിക്കാം. 
ഇതോടെ മുഖത്ത് അടി കിട്ടിയ അവസ്ഥയിലായി മെട്രോ മനോരമ. ജാള്യം തീര്‍ക്കാന്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത കഥയുമായി ഒക്ടോബര്‍ പതിനേഴിന് രംഗത്തിറങ്ങി.
പ്രിയപ്പെട്ട ശ്രീ ഐസക്, ഇന്നലെയും എയ്റോബിക് ബിന്‍ പ്രവര്‍ത്തിച്ചില്ല എന്നു തലക്കെട്ട്. ഒരു പ്ലാസ്റ്റിക് കവറെങ്കിലും ബിന്നിനു മുന്നില്‍ കിടക്കുന്ന ചിത്രമെടുക്കാന്‍ മനോരമയ്ക്കു കഴിഞ്ഞിട്ടില്ല എന്ന ഐസക്കിന്‍റെ പരിഹാസം കുറിക്കു കൊണ്ടു.  പഴയതിനെക്കാള്‍ പരിഹാസ്യമായിരുന്നു മനോരമയുടെ പ്രതികരണം. നിലവാരമുളള ഒരു പ്രസ് ഫോട്ടോഗ്രാഫറും പറയാന്‍ മടിക്കുന്ന ന്യായം പത്രം അച്ചടിച്ചു. അതിങ്ങനെയായിരുന്നു  : എയ്റോബിക് ബിന്നിന്‍റെ വലതുവശത്ത് സ്ക്കൂള്‍ മതിലിനോട് ചേര്‍ന്ന് കറുത്തനിറത്തിലുളള പ്ലാസ്റ്റിക് കാരി ബാഗുകളില്‍ മാലിന്യം തളളിയിരിക്കുന്നത് കണ്ടു. ഇടതുവശത്തു നിന്ന് പകര്‍ത്തിയതുകൊണ്ടാണ് അവ ചിത്രത്തില്‍ പതിയാതെ പോയത്.
ഈ അസംബന്ധം പതിവുപോലെ ഐസക് പുച്ഛിച്ചു തളളി. ധനതത്ത്വശാസ്ത്രം മാറ്റിവെച്ച് അദ്ദേഹം മനോരമാക്കാരനെ ന്യൂസ് ഫോട്ടോഗ്രാഫിയുടെ ബാലപാഠം പഠിപ്പിക്കാന്‍ തയ്യാറുമായി. ഇങ്ങനെയായിരുന്നു ഐസക്കിന്‍റെ കൊട്ട് :
വലതുവശത്തായാലും ഇടതുവശത്തായാലും മാലിന്യക്കവറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടാല്‍ അതാണ് വാര്‍ത്ത. അതിന്‍റെ  ചിത്രമെടുക്കുകയാണ് പ്രസ് ഫോട്ടോഗ്രാഫറുടെ പണി. വിക്ടര്‍ ജോര്‍ജിനെപ്പോലുളളവരുടെ പാരമ്പര്യമുളള പത്രമാണ് മനോരമ. വാര്‍ത്തയ്ക്ക് ഉചിതമായൊരു ചിത്രമെടുക്കാന്‍ കഴിവില്ലാത്തവരാണ് അവിടെ ഇപ്പോഴുളള ഫോട്ടോഗ്രാഫര്‍മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. 
ഇത്രയും കിട്ടിയാല്‍ ഒരുവിധം നാണവും ഉളുപ്പുമുളളനൊക്കെ മര്യാദ പഠിക്കേണ്ടതാണ്. പക്ഷേ, മനോരമയാണ് കഥാപാത്രം. വീണേടത്തു കിടന്നുരുളും. അതുമൊരു അടവാണെന്ന് അച്ചുനിരത്തും. 21-10-2014ന്‍റെ മെട്രോ മനോരമ വായിച്ചാല്‍ സാക്ഷാല്‍ ഗീബല്‍സ് ശവക്കുഴിയില്‍ നിന്നിറങ്ങി മെട്രോ രഞ്ജിത്തിന്‍റെ കാല്‍ക്കല്‍ വെറ്റിലയും പാക്കും വെച്ച് തൊഴുതുനില്‍ക്കും. "നിനക്കു പിറക്കാതെ പോയല്ലോ ഉണ്ണീ" എന്നു പരിതപിക്കും.

എയ്റോബിക് ബിന്‍ രക്ഷകനാകുമോ? ഈ ബുദ്ധിയെന്താ വിജയാ നമുക്ക് നേരത്തേ തോന്നാത്തത് എന്നു തലക്കെട്ട്.
 
തലക്കെട്ടിനു താഴെ ലാര്‍ജ് സെറ്റ് ഇന്‍ട്രോ ഇങ്ങനെ – ബിന്നിന്‍റെ പ്രവര്‍ത്തനസമയവും ഏതൊക്കെത്തരം മാലിന്യമാണ് ബിന്നില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവരേണ്ടതെന്നും ഉള്‍പ്പെടെ സൂചനാ ബോര്‍ഡ് – വൈകിയെങ്കിലും ജനോപകാരപ്രദമായ തീരുമാനം.
   
മെട്രോ മനോരമയുടെ വേലത്തരങ്ങളെ   ഫേസ് ബുക്കില്‍ ഐസക്കും കടകംപളളിയും കുനിച്ചു നിര്‍ത്തി ഇടിച്ച കഥയൊന്നുമറിയാത്ത പാവം വായനക്കാര്‍ എന്തു വിചാരിക്കും. മനോരമ ഇടപെട്ടതുകൊണ്ട് ബോര്‍ഡു വെച്ചുവെന്ന്. അല്ലേ. വാര്‍ത്തയുടെ വലത്തേ മൂലയ്ക്ക് ഒരു ചിത്രവും അതിനൊരു അടിക്കുറിപ്പുമുണ്ട്. ആ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.
കരമനയില്‍ ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷം പ്രവര്‍ത്തന സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ് എയ്റോബിക് ബിന്നിനു മുന്നില്‍ സ്ഥാപിച്ചപ്പോള്‍. പ്രവര്‍ത്തനസമയം അറിയാത്തതിനെ തുടര്‍ന്ന് മാലിന്യവുമായി എത്തുന്ന ജനം ബിന്നിനു മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയത് വാര്‍ത്തയും വിവാദവുമായിരുന്നു.
എങ്ങനെയുണ്ട് കളി? താഴേന്ന് മുകളിലേയ്ക്കു പരിശോധിക്കൂ. മാലിന്യവുമായി എത്തിയ ജനം ബിന്നിനു മുന്നില്‍ നിക്ഷേപിച്ചു മടങ്ങിയോ? ഇല്ല. അത് മനോരമയെഴുതിയ നുണയായിരുന്നു. അക്കാര്യം ഐസക് പൊളിച്ചതാണ്.ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷമാണോ പ്രവര്‍ത്തനസമയവും മറ്റും വിവരിക്കുന്ന ബോര്‍ഡു കൊണ്ടു വെച്ചത്? അല്ല ആ ബോര്‍ഡ്, ഒക്ടോബര്‍ 17നു തന്നെ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ്. നേരത്തെ തന്നെ അതിന്‍റെ ചിത്രം ഫേസ് ബുക്കിലൊക്കെ വന്നതുമാണ്.

താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ടു നോക്കൂ. കണ്ണന്‍അപ്പു എന്ന ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്ന് ഒക്ടോബര്‍ 18ന് പോസ്റ്റു ചെയ്തചിത്രങ്ങളാണ്.  ഉദ്ഘാടനം നടത്തി ഒരാഴ്ച പിന്നിട്ട ശേഷം പ്രവര്‍ത്തന സമയവും മറ്റും വിവരിക്കുന്ന ബോര്‍ഡ് എന്ന് ഒക്ടോബര്‍ 21ലെ പത്രത്തില്‍ മനോരമ വിശേഷിപ്പിച്ച അതേ ബോര്‍ഡ്.

പ്രിയം എയ്റോ ബിന്നും നഗരസഭയുടെ ശുചീകരണ പരിപാടികളും അട്ടിമറിക്കാന്‍ രഞ്ജിത്തിനും മനോരമയ്ക്കും എന്താണിത്ര ഉത്സാഹം എന്ന ചോദ്യം സ്വാഭാവികമാണ്. പ്രസ് ക്ലബിനു താഴെയുളള സങ്കേതത്തില്‍ പലകഥകളും കേള്‍ക്കുന്നുണ്ട്. കേട്ട കഥയൊന്നും ഇവിടെയെഴുതുന്നില്ല. മെട്രോ മനോരമയുടെ വാര്‍ത്തയില്‍ നിന്ന് ഒരു ക്ലൂ തരാം. ബിന്‍ അടഞ്ഞു കിടന്നു എന്ന് മനോരമ ആദ്യം പറഞ്ഞ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നു എന്ന് ഐസക് പ്രതികരിച്ചിരുന്നുവല്ലോ. അതിന് മെട്രോ മനോരമ പറഞ്ഞ മറുപടിയില്‍ ആ ക്ലൂവുണ്ട്.
പത്തുമണിക്കല്ല, രാവിലെ 9.35നാണ് എംഎല്‍എ യൂണിറ്റു സന്ദര്‍ശിക്കാനെത്തിയത് എന്ന് ഒപ്പമുണ്ടായിരുന്ന കോര്‍പറേഷന്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ഈ വാചകത്തിന് അര്‍ത്ഥം ഒന്നേയുളളൂ. ഒന്നുകില്‍ ഏതോ കോര്‍പറേഷന്‍ ഭരണസമിതി അംഗം, അല്ലെങ്കില്‍ ഏതോ ഉദ്യോഗസ്ഥന്‍. ഇവരിലാരോ ആണ് ഈ വാര്‍ത്തകള്‍ക്കു പിന്നില്‍. ഈ ശുചീകരണ യജ്‍ഞം വിജയിക്കുന്നത് ഇവരിലാരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അവരാണ് മെട്രോ മനോരമയുടെ ഈ മലിനവാര്‍ത്തകളുടെ ഉറവിടം. ഉറവിട മാലിന്യസംസ്ക്കരണമാണ് ലക്ഷ്യമെങ്കില്‍ ഐസക്കും കടകംപളളിയും ആദ്യം എയ്റോ ബിന്നില്‍ നിക്ഷേപിക്കേണ്ടത് ദുഷ്ടവാര്‍ത്തകളുടെ ഈ ഉറവിടത്തെയാണ്.
       
കെഎം മാത്യുവിന്‍റെ ദേഹവിയോഗത്തെ തുടര്‍ന്ന് പത്രാധിപപദവിയെറ്റെടുത്ത മകന്‍ മാമ്മന്‍ മാത്യു 2010 ആഗസ്റ്റ് 10ന് പേരുവെച്ചെഴുതിയ മുഖപ്രസംഗം ഓര്‍മ്മയുണ്ടല്ലോ പ്രാര്‍ത്ഥനകളോടെ പുനരര്‍പ്പണം എന്ന ഹൃദയസ്പൃക്കായ തലക്കെട്ടിനുകീഴെ കണ്ണീരുണങ്ങിയ അക്ഷരങ്ങളിലെഴുതിയ ആ മുഖപ്രസംഗം വായനക്കാരോട് ഇങ്ങനെ പറഞ്ഞു,
  • സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരന്മാര്‍ക്കും കരുത്തു പകരാന്‍ മികവുറ്റ ഒരു പ്രഫഷനല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്. ലക്ഷ്യത്തിലേക്കു നേര്‍വഴി കാണിക്കാന്‍, വഴി തെറ്റുമ്പോള്‍ കൈപിടിച്ചു തിരുത്താന്‍ പ്രിയവായനക്കാര്‍ എന്നും ഒപ്പമുണ്ടാവണമെന്നാണ് എന്റെ പ്രാര്‍ഥന.
 ആപദ്ഭീതിയില്ലാതെ നുണകളെഴുതുന്ന മനോരമക്കാരന്‍റെ കൈപിടിച്ചു തിരിക്കാനും കരണമടിച്ചു പുകയ്ക്കാനും വായനക്കാരന്‍ തുനിഞ്ഞിറങ്ങുന്ന കാലത്തേ പിതാവ് സജ്ജമാക്കിയ പ്രൊഫഷണല്‍ ടീമിന്‍റെ ലീലാവിലാസങ്ങള്‍ക്ക് അറുതിയുണ്ടാകൂ. ഏറെ വൈകാതെ അതുണ്ടാകുക തന്നെ ചെയ്യും.

*എരുമക്കുഴി
തിരുവനന്തപുരം നഗരത്തില്‍ ചാല ബസാറിനു സമീപം അഞ്ചര ഏക്കര്‍ വരുന്ന മാലിന്യക്കൂനയാണ് എരുമക്കുഴി

ചിത്രങ്ങള്‍ക്കു കടപ്പാട് - ഡോ. തോമസ് ഐസക്കിന്‍റെ ഫേസ് ബുക്ക് പേജ്